റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കാന ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്നു.
ഇരിങ്ങാലക്കുട: ഠാണാ - ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഡിവൈഡര്‍ നിര്‍മാണത്തിനെതിരേ നാട്ടുകാരും വ്യാപാരികളും ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു.ജനങ്ങളുടെ ആശങ്കകളും പരാതികളും പരിഹരിക്കാതെ ഡിവൈഡര്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ മുന്നോട്ടുകൊണ്ടുപോകില്ലെന്ന് കെഎസ്ടിപി അധികൃതര്‍ ഉറപ്പുനല്‍കി. ഡിവൈഡര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളും വ്യാപാരികളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഇന്നലെ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നത്. റോഡിന്റെ വികസനം ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനും വേണ്ടിയാകണമെന്നിരിക്കെ, നിലവിലെ നിര്‍മാണരീതി പ്രദേശവാസികള്‍ക്കും വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും കൂടുതല്‍ ദുരിതങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഡിവൈഡറിന്റെ രൂപകല്പനയും സ്ഥാപിക്കുന്ന രീതിയും സംബന്ധിച്ച് നാട്ടുകാര്‍ ഉന്നയിച്ച പരാതികള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു.
തോമസ് ഉണ്ണിയാടന് എംഎൽഎ, നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ജനങ്ങളുടെ ആശങ്കകള്‍ പരിശോധിച്ച് ആവശ്യമായ പരിഹാരനടപടികള്‍ സ്വീകരിക്കാമെന്ന് കെഎസ്ടിപി അധികൃതര്‍ ഉറപ്പുനല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഡര്‍ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.
ആക്ഷന്‍ കൗണ്‍സിലിനെ പ്രതിനിധീകരിച്ച് കത്തീഡ്രല്‍ വികാരി ഫാ. ലാസര്‍ കുറ്റിക്കാടന്‍, ടൗണ്‍ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ സമദ്, എക്സിക്യുട്ടീവ് അംഗം ദാവൂദ് ഇബ്രാഹിം, കത്തീഡ്രല്‍ അസി. വികാരി ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബിജു പോ്ൾ അക്കരക്കാരന്‍, ഷാജു പാറേക്കാടന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കോമ്പാറയിലും നടവരമ്പിലും ദുരിതങ്ങള്‍
കാനനിര്മാണംമൂലം പ്രദേശവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും യോഗത്തില്‍ ഗൗരവമായി ഉന്നയിക്കപ്പെട്ടു.റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാനനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സമീപത്തെ വീടുകളിലേക്കുള്ള പ്രവേശനത്തിനും മറ്റു ദൈനംദിന ആവശ്യങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്കയാണ് കോമ്പാറ നിവാസികളും നടവരമ്പ് നിവാസികളും പങ്കുവച്ചത്.
കാനനിര്‍മാണം വീടുകളുടെ നിലവിലുള്ള ഉയരവും പ്രവേശനസൗകര്യവും കണക്കിലെടുത്ത് ശാസ്ത്രീയമായി ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആശാസ്ത്രീയ കാന നിര്‍മാണം മൂലം നടവരമ്പ് ജംഗ്ഷന് ഭാഗത്തും ജനങ്ങള്‍ ദുരിതത്തിലാണെന്ന് നടവരമ്പ് ഇടവക വികാരി ഫാ. ഡേവിസ് കിഴക്കുംതല ചൂണ്ടിക്കാട്ടി.
Tags :