കെഎസ്യു സ്ഥാപിച്ച പരിഹാസ ബാനർ.
തൃശൂർ: ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിൽ പരിഹാസ ബാനർ സ്ഥാപിച്ച് കെഎസ് യു പ്രതിഷേധം. തെരഞ്ഞെടുപ്പുകാലത്ത് തൃശൂരിലെ ബിജെപി ഓഫീസിൽ 17 ചാക്കുകളിലായി കള്ളപ്പണം എത്തിയെന്നു മുൻ ഓഫീസ് സെക്രട്ടറി പി. അക്ഷയ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിൽ കള്ളപ്പണ സ്വീകരണ വിതരണ മൊത്തക്കച്ചവടകേന്ദ്രം എന്ന ഫ്ളക്സ് സ്ഥാപിച്ചത്.
തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ഉൾെ പ്പടെ കെഎസ്യു ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രകോപനവുമായി വന്നാൽ പ്രതിരോധിക്കും: ജസ്റ്റിൻ ജേക്കബ്
തൃശൂർ: തൃശൂരിൽ സംഘർഷം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ കെഎസ്യു നടത്തുന്ന സമരാഭാസങ്ങളും പ്രകോപനപരമായ നടപടികളും അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു. കെഎസ്യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രകോപനപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ കോണ്ഗ്രസ് നേതൃത്വം നിയന്ത്രിക്കണം. ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു. അല്ലാത്തപക്ഷമുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളുടെ പൂർണ ഉത്തരവാദിത്തം കോണ്ഗ്രസ് നേതൃത്വത്തിനായിരിക്കും.
ഏതൊരു പ്രകോപനത്തിനും ശക്തമായ രാഷ്ട്രീയ മറുപടി നൽകാൻ ബിജെപി ജില്ലാ കമ്മിറ്റി തയാറാണെന്നും ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
കെഎസ്യു തീക്കൊള്ളികൊണ്ട് തല ചൊറിയരുത്: യുവമോർച്ച
തൃശൂർ: തൃശൂരിലെ ബിജെപി ഓഫീസിനുമുന്നിൽ ബാനറുകൾ സ്ഥാപിച്ച് കെഎസ്യു വിലകുറഞ്ഞ രാഷ്ട്രീയനാടകം കളിക്കരുതെന്ന് യുവമോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്. ഇത്തരം ബാനറുകൾ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യം കോണ്ഗ്രസ് ഓഫീസുകളുടെ മുൻവശമാണ്. സ്വന്തം സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറയാൻ കഴിയാതെ ബിജെപിയുടെ ഓഫീസിനുമുന്നിൽ വന്നു മാധ്യമശ്രദ്ധ നേടാനുള്ള ശ്രമം അപഹാസ്യമാണെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.