രഘു
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിക്ക് 25 വര്‍ഷം കഠിന തടവും 90,000 രൂപ പിഴയും. കുമാരമംഗലം മംഗലത്ത് രഘു എന്ന ബേബിയെ ആണ് തൊടുപുഴ പോക്സോ കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. അതിജീവിതയ്ക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിനും പുനരധിവാസം ഉറപ്പാക്കുന്നതിനും ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയ്ക്ക് കോടതി നിര്‍ദേശം നല്കി. അതിജീവിതയുടെ അമ്മയുള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. കേസില്‍ ഒന്നും രണ്ടും പ്രതികളുടെ വിധി കഴിഞ്ഞമാസം 18ന് പറയാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍, രണ്ടാം പ്രതിയായ പാലാ കുറിഞ്ഞി കോഡൂര്‍ തങ്കച്ചന് അന്നു ഹാജരാകാത്തതിനെ തുടര്‍ന്ന് വിധി പറയുന്നത് മാറ്റി വച്ചു. പിന്നീട് കഴിഞ്ഞ 22ന് ഇയാളെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിചാരണ അവസാനിക്കാറായ സമയത്ത് അതിജീവിതയുടെ അമ്മയും മരണപ്പെട്ടിരുന്നു.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 43 സാക്ഷികളെ വിസ്തരിക്കുകയും 111 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. മെഡിക്കല്‍, ശാസ്ത്രീയ തെളിവുകളും കോടതിയില്‍ ഹാജരാക്കി.
കുമാരമംഗലം സ്വദേശിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വിവിധയിടങ്ങളിലെത്തിച്ച് സംഘം ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ പീഡനം നടന്നതായാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പൊലിസ് 28 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 25ഓളം പ്രതികളാണ് ഉണ്ടായിരുന്നത്. ഓരോ കേസിലും പ്രത്യേകം കുറ്റപത്രവും പൊലിസ് സമര്‍പ്പിച്ചു. രണ്ടു കേസുകളില്‍ പ്രതികളെ ശിക്ഷിച്ചിരുന്നു.
തൊടുപുഴ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണുകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പയസ് മാത്യു, അഡ്വ. ഫ്രാന്‍സീസ് പയസ്, അഡ്വ. നീരജ് അക്കര എന്നിവര്‍ ഹാജരായി.
Tags : NattuVishasham DistrictNews