കുറവിലങ്ങാട്: പിതൃദിനത്തിൽ അരലക്ഷം രൂപയുടെ പഠനോപകരണങ്ങൾ സമ്മാനിക്കാൻ പിതൃവേദി കുറവിലങ്ങാട് യൂണിറ്റ്. യൂണിറ്റിന്റെ നേതൃത്വത്തിൽ സമുദായ ശക്തീകരണവർഷത്തിൽ നടപ്പിലാക്കുന്ന സാമൂഹികതലത്തിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പഠനോപകരണ വിതരണം. പൊതുജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കുറവിലങ്ങാട്ടെ വിദ്യാലയങ്ങളിലെ അർഹരായ അൻപത് വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ സമ്മാനിക്കുന്നത്. സ്കൂൾ ബാഗ്, കുട, ഇൻസ്ട്രമെന്റ് ബോക്സ്, ചോറ്റുപാത്രം, പേന, പത്ത് നോട്ട്ബുക്ക്, വാട്ടർബോട്ടിൽ എന്നിങ്ങനെ ആയിരത്തിലേറെ രൂപ വിലവരുന്ന ഏഴ് ഇനങ്ങാണ് ഓരോ വിദ്യാർഥിക്കും നൽകുന്നത്.
പഠനോപകരണങ്ങൾ പിതൃദിനമായ 21ന് പ്രധാനാധ്യാപകർക്ക് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രം ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി കൈമാറും. പിതൃവേദി യൂണിറ്റ് പ്രസിഡന്റ് ബെന്നി കോച്ചേരി അധ്യക്ഷത വഹിക്കും. സെക്രട്ടറി ഷാജി പാറപ്പുറത്ത്, ട്രഷറർ ജോബിഷ് പട്ടരുമഠം, ഭാരവാഹികളായ ജോസ് സി. മണക്കാട്ട്, ജോർജ് ടിക്സൺ മണിമലത്തടത്തിൽ, ഡോ. ചാർലി കോയിക്കലേട്ട്, ജോണി പുളിക്കേക്കര, ജോസ് പട്ടരുമഠം, പൈലി ചിങ്ങംതോട്ടം, ബിജു കൊട്ടാരത്തിൽ, ബാബു വടക്കേക്കുറ്റേൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികളാണ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത്.