കോഴിക്കോട്: കുറ്റിക്കാട്ടൂർ–മുണ്ടുപാലം റോഡ് നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് എം.എ. റസാഖ് എംഎൽഎയുടെ നേതൃത്വത്തിൽ ഏകോപന യോഗം ചേർന്നു.ഏഴ് കോടി ചെലവിൽ നടത്തുന്ന റോഡ് നവീകരണ പ്രവൃത്തിയിൽ കാലതാമസം നേരിടുന്നതായും നിർമാണ പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടെന്നും ചൂണ്ടിക്കാട്ടി റോഡ് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഹാളിൽ യോഗം ചേർന്നത്.
പിഡബ്ല്യുഡി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കരാറുകാർ, റോഡ് കമ്മിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ നിലവിലെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി.നിലവിലെ വർക്ക് പ്ലാനിലെ അപാകതകൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ്, റോഡ് നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്തു.
ബന്ധപ്പെട്ട വകുപ്പ് മേധാവിമാരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനും റോഡ് നവീകരണം വേഗത്തിലാക്കുന്നതിനും ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. എംഎൽഎയുടെ നേതൃത്വത്തിൽ ഉടൻ സംയുക്ത സ്ഥലപരിശോധന നടത്താനും ധാരണയായി.യോഗത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല, പെരുവയൽ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനീഷ് പാലാട്ട്, പെരുമണ്ണ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham