കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് കാറും മതിലും തകര്‍ന്ന നിലയില്‍.
ചങ്ങനാശേരി: പ്രധാന പാതകളില്‍ അപകടപരമ്പര. റോഡുകള്‍ രക്തക്കളം. ഡ്രൈവിംഗില്‍ ജാഗ്രത കുറയുന്നതും റോഡിലെ സുരക്ഷക്കുറവും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ആക്ഷേപമുയരുന്നു.ഇന്നലെ പുലര്‍ച്ചെ എന്‍എച്ച്-183(എംസിറോഡ്) വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളിനു മുമ്പില്‍ കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് നിസാര പരിക്കേറ്റു.
ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഭാഗികമായി തകര്‍ന്നു. ആരാധനാമഠത്തിന്റെ മതിലും ഇടിച്ചു തകര്‍ത്തിട്ടുണ്ട്. സ്കൂളിനു മുമ്പിലെ വളവില്‍ മറ്റൊരു വാഹനത്തിന് ഓവര്‍ടേക്ക് ചെയ്യുമ്പോഴാണ് അപകടം.കഴിഞ്ഞ ദിവസം ചങ്ങനാശേരി മതുമൂലയ്ക്കു സമീപം നിയന്ത്രണംവിട്ട് കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോ മറിഞ്ഞ് അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്കേറ്റു. ചമ്പക്കുളം സ്വദേശികളായ ഗ്രേസ് ജോസഫ്, അമ്മ ദിഡ്വിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റോഡിലേക്കു മറിഞ്ഞാണ് ഇരുവര്‍ക്കും പരിക്കേറ്റത്. ഇരുവരും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ചികിത്സയിലാണ്. നട്ടെല്ലിനു പരിക്കേറ്റ ഗ്രേസ് വിദഗ്ധ ചികിത്സയിലാണ്. ഗ്രേസിന്റെ വിവാഹം 12ന് ചെത്തിപ്പുഴ പള്ളിയില്‍ നടക്കാനിരിക്കെയാണ് അപകടം.
വിവാഹ ആവശ്യത്തിനുള്ള വസ്ത്രങ്ങള്‍ വാങ്ങുന്നതിനായി ഓട്ടോയില്‍ മതുമൂലയിലുള്ള കടയിലേക്കു പോകുമ്പോഴാണ് അപകടം സംഭവിച്ചത്.കോട്ടയം ഭാഗത്തുനിന്നെത്തിയ കാര്‍ ചങ്ങനാശേരി ഭാഗത്തുനിന്നെത്തിയ ഓട്ടോ ഇടിച്ചുമറിച്ചശേഷം മൂന്നു സ്കൂട്ടറുകള്, രണ്ട് കാര്‍, ഒരു ബൈക്ക് എന്നിവയിലും ഇടിച്ചിരുന്നു.
രണ്ടാഴ്ചമുമ്പ് കുരിശുംമൂട്ടില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഇരൂപ്പ സ്വദേശിയായ ഒരാള്‍ മരിക്കുകയും ചങ്ങനാശേരി സ്വദേശിയായ മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
നിര്‍മാണം പൂര്‍ത്തിയായ ചങ്ങനാശേരി ആലപ്പുഴ റോഡിലും അപകടങ്ങള്‍ നിത്യസംഭവമാണ്. കഴിഞ്ഞദിവസം നിയന്ത്രണം നഷ്ടമായ കാര്‍ എസി കനാലിലേക്ക് മറിഞ്ഞ സംഭവമുണ്ടായി.
പെരുന്തുരുത്തി-മണര്‍കാട് ബൈപാസില്‍ മോസ്കോ കവലയില്‍ ഓണപ്പിറ്റേന്ന് കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികളടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു.
Tags : NattuVishasham DistrictNews