ഇരുമാപ്ര- ഉപ്പിടുപാറ പഞ്ചായത്ത് റോഡിന്റെ അടിഭാഗത്തുണ്ടായ ഉരുൾപൊട്ടൽ.
മൂന്നിലവ്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും ഇരുമാപ്ര- ഉപ്പിടുപാറ പഞ്ചായത്ത് റോഡിന്റെ അടിഭാഗത്ത് ഉരുൾപൊട്ടലുണ്ടായി. റോഡിന്റെ അടിഭാഗം തകർന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും അപകടസാധ്യതയിലായിരിക്കുകയാണ്.
60 ഡിഗ്രിയിലേറെ ചരിവുള്ള മലയോര പ്രദേശത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. ഉരുൾപൊട്ടലുണ്ടായ ഭാഗത്തിന് താഴെയായി നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വീണ്ടും മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടായാൽ താഴ്ഭാഗത്തെ വീടുകൾക്കും താമസക്കാർക്കും അപകടസാധ്യതയുണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ താഴ്ഭാഗത്തുള്ള കണ്ണംകുളം ബിനോയുടെ വീടിന് ഭാഗികമായി തകർച്ച സംഭവിച്ചിരുന്നു. മണ്ണും കല്ലും ഇടിഞ്ഞെത്തിയതിനെ തുടർന്നാണ് വീടിന്റെ ഒരു ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചത്. ഇതോടെ പ്രദേശത്തെ കുടുംബങ്ങളുടെ ആശങ്ക കൂടുതൽ ശക്തമായിരിക്കുകയാണ്.
മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടായാൽ വീടുകൾക്കും റോഡിനും ഒരുപോലെ ഭീഷണിയാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിന്റെ തകർന്ന ഭാഗം അടിയന്തരമായി പരിശോധിച്ച് സൈഡ് കെട്ടിപ്പടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും വാഹന ഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ അടിയന്തര സംവിധാനങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അതേസമയം, ഇരുമാപ്ര സെന്റ് പീറ്റേഴ്സ് സിഎസ്ഐ ദേവാലയത്തിന്റെ പരിസരത്തും അപകടസാധ്യത നിലനിൽക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പള്ളിയുടെ മുറ്റത്തിന്റെയും പരിസരത്തിന്റെയും സംരക്ഷണഭിത്തികൾക്കും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മഴ തുടർന്നാൽ അപകടമുണ്ടാകുമെന്നാണ് ആശങ്ക.
പള്ളിയുടെ മുറ്റത്തിന്റെയും പരിസരത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തരമായി കല്ലുകെട്ട് ഉൾപ്പെടെയുള്ള സംരക്ഷണ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ആവശ്യം. റോഡിന്റെ തകർന്ന ഭാഗവും ഉരുൾപൊട്ടലുണ്ടായ പ്രദേശവും താഴ്ഭാഗത്തെ വീടുകളും പള്ളിയുടെ പരിസരവും അധികൃതർ അടിയന്തരമായി പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews Landslide