നയമക്കാടിനും എട്ടാം മൈലിനുമിടയിൽ അപകടകരമായ നിലയിലുള്ള മണ്ണിടിച്ചിൽ.
മറയൂർ: മൂന്നാർ - മറയൂർ അന്തർസംസ്ഥാന പാതയിൽ നയമക്കാടിനും എട്ടാം മൈലിനുമിടയിൽ അപകടകരമായ നിലയിൽ മണ്ണിടിച്ചിൽ തുടരുന്നു. ശനിയാഴ്ച രാത്രി പത്തിന് മൂന്നാറിൽനിന്ന് തിരുപ്പൂരിലേക്കു പോയ തമിഴ്നാട് സർക്കാർ ബസ് മണ്ണിടിച്ചിലിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ബസ് സ്ഥലത്തെത്തിയതും റോഡിലേക്ക് കല്ലുകളും മണ്ണും വീണതും ഒരേ സമയമായിരുന്നു. ബസ് കൃത്യസമയത്ത് സുരക്ഷിത ദൂരത്തു നിർത്തിയതിനാൽ അപകടമുണ്ടായില്ല. ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് റോഡിൽ വീണ മണ്ണും കല്ലും മാറ്റിയാണ് യാത്ര തുടർന്നത്.
ഇവിടെ എട്ടടിപോലും വീതിയില്ലാത്ത ഇടുങ്ങിയ റോഡാണ്. ഒരു വശത്ത് വലിയ കൊക്കയും. വർഷങ്ങളായി ഇവിടെ മണ്ണിടിച്ചിൽ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. റോഡിലേക്ക് വീഴുന്ന മണ്ണ് വല്ലപ്പോഴും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാറ്റുന്ന നടപടി മാത്രമാണ് അധികൃതർ സ്വീകരിക്കുന്നത്.
എന്നാൽ, റോഡിലേക്ക് വീണു കിടക്കുന്ന മണ്ണും മറിഞ്ഞു കിടക്കുന്ന മരങ്ങളും മാറ്റാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാർക്ക് പരാതി യുണ്ട്.