പ്രതീകാത്മക ചിത്രം
കോന്നി: അതുമ്പുംകുളം ആവോലിക്കുഴിയിൽ വന്യമൃഗ ആക്രമണം രൂക്ഷമായതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിൽ. പുലിയുടെയും കാട്ടുപന്നികളുടെയും ശല്യത്തിനു പിന്നാലെ കാട്ടാനക്കൂട്ടവും പ്രദേശത്തിറങ്ങിയതോടെ ജനജീവിതം ദുഃസഹമായിരിക്കുകയാണ്. കാട്ടാനക്കൂട്ടങ്ങൾ കൃഷിയിടങ്ങളിലിറങ്ങി വ്യാപകമായി വിളകൾ നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും ആളുകൾക്കു നേരേ പാഞ്ഞടുക്കുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ ഒരു പശുക്കിടാവ് ചത്തു. പശുക്കിടാവിനെ ഭാഗികമായി ഭക്ഷിച്ചും അവശിഷ്ടങ്ങൾ 20 മീറ്ററോളം അകലെ വലിച്ചിഴച്ചു കൊണ്ടുപോയി ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. നാട്ടുകാർ നടത്തിയ തെരച്ചിലിൽ സമീപപ്രദേശങ്ങളിൽ നിന്ന് മറ്റ് നിരവധി മൃഗങ്ങളുടെ അസ്ഥികൂടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞതോടെയാണ് ആക്രമണത്തിനു പിന്നിൽ പുലിയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
അടിയന്തര നടപടി വേണമെന്ന് ഐക്യ കർഷക സംഘം
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗശല്യത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് ഐക്യ കർഷക സംഘം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ വനനയത്തിലെ അപാകതകളാണ് വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങാൻ കാരണമാകുന്നതെന്ന് സംഘം ആരോപിച്ചു. മലയോര കർഷകരുടെയും ആദിവാസി-കുടിയേറ്റ ജനവിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ വനനിയമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം.
ഐക്യ കർഷക സംഘം ജില്ലാ പ്രസിഡന്റ് രവി പിള്ളയുടെ നേതൃത്വത്തിലുള്ള നേതാക്കൾ ആവോലിക്കുഴി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ സെക്രട്ടറി ജോൺസ് യോഹന്നാൻ, ഷൈലജ പ്രദീപ്, സുനിൽ എലിയാസ്, സലിൽ വയലാത്തല, ലീലാമ്മ ടീച്ചർ, വിദ്യാമോൾ, ആനന്ദവല്ലി, റോസമ്മ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.
Tags : Nattuvishesham DistrictNews DeepikaNews wild elephants