പ്രതീകാത്മക ചിത്രം
പത്തനംതിട്ട: വ്യാജരേഖ ചമച്ച് ലൈഫ് മിഷൻ പദ്ധതിയിൽനിന്ന് പണം തട്ടിയതുമായി ബന്ധപ്പെട്ട് റിമാൻഡിലായ ഗ്രാമസേവികയ്ക്കെതിരേ അരുവാപ്പുലം പഞ്ചായത്തിന്റെ പരാതിയിൽ കോന്നിയിലും പൊലിസ് കേസ്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിൽ നടന്ന തട്ടിപ്പുകളുമായി ബന്ധപ്പെട്ടാണ് വിഇഒ അരുവാപ്പുലം മുതുപേഴുങ്കൾ മ്ലാന്തടം പുത്തൻവീട്ടിൽ റാണി ലക്ഷ്മി(37)ക്കെതിരേ കേസുകളുള്ളത്.
കോന്നി പൊലിസ് പുതുതായി എടുത്ത കേസ് 20 ലക്ഷം രൂപയുടെ ക്രമക്കേടിനാണ്. അരുവാപ്പുലം പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിലാണ് കേസ്. 2021 ജനുവരി 31 മുതൽ 2024 ഒക്ടോബർ 24വരെയാണ് റാണി ലക്ഷ്മി അരുവാപ്പുലം പഞ്ചായത്തിൽ ഗ്രാമസേവികയായി പ്രവർത്തിച്ചത്. 2022-25 കാലയളവിൽ ലൈഫ് മിഷൻ ടോയ്ലറ്റ് മെയിന്റനൻസ് എന്നിവയിൽ പ്ലാൻഫണ്ടിൽനിന്നുൾപ്പടെ 20,64,946 രൂപയുടെ ക്രമക്കേട് നടത്തിയതായാണ് കേസ്.
അനുവദിച്ചിട്ടുള്ള തുകയിൽ കൂടുതലായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കും ഗുണഭോക്താക്കൾ അല്ലാത്ത ബന്ധുക്കളുടെ അക്കൗണ്ടിലേക്കും വകമാറ്റിയെന്നാണ് പഞ്ചായത്തിന്റെ പരാതി. റാണിലക്ഷ്മിയുടെ ഭർത്താവ്, അച്ഛൻ, അമ്മ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്നാണ് മറ്റ് പഞ്ചായത്തുകളിലെ പരാതികളിൽനിന്നു പൊലിസ് കണ്ടെത്തിയത്. സമാനമായ തട്ടിപ്പാണ് അരുവാപ്പുലത്തും നടത്തിയത്.
ഗുണഭോക്താക്കൾക്കു ലഭിക്കേണ്ട ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പേരിൽ നേരത്തേ തണ്ണിത്തോട് പൊലിസ് അറസ്റ്റ് ചെയ്തു റിമാൻഡിലായ റാണി ലക്ഷ്മിക്കെതിരേ സീതത്തോട് പഞ്ചായത്തിന്റെ പരാതിയിൽ ചിറ്റാർ പൊലിസും അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പു കേസിൽ റിമാൻഡിലായ വിഇഒയെ തദ്ദേശ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
Tags : District News Nattuvishesham Case against VEO Konni