ബോധവത്കരണ കാമ്പയിന്റെ ലോഗോ മന്ത്രി കെ. മുരളീധരന് പ്രകാശനം ചെയ്യുന്നു.
പന്തളം: ശബരിമല മണ്ഡലമകരവിളക്ക് തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സമഗ്രമായ ആരോഗ്യപരിരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച സ്വാസ്ഥ്യം ശരണം-ആരോഗ്യത്തോടെ ശരണയാത്ര ബോധവത്കരണ കാമ്പയിന്റെ ലോഗോ പ്രകാശനം മന്ത്രി കെ. മുരളീധരന് നിര്‍വഹിച്ചു.
പന്തളം വലിയ കോയിക്കല്‍ ശ്രീധർമശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, സി.വി. ശാന്തകുമാര്‍ എംഎല്‍എ, തിരവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. ജെ. മണികണ്ഠന്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി. തോമസ് തുടങ്ങിയവർ പങ്കെടുത്തു.
മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിലേക്കെത്തുന്ന ഓരോ ഭക്തന്റെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീർഥാടന പാതയിലും വിവിധ ഇടത്താവളങ്ങളിലും വിപുലമായ ആരോഗ്യസംവിധാനങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍, അടിയന്തര ചികിത്സാ സൗകര്യങ്ങള്‍, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, ഹൃദയസംബന്ധമായ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള പ്രത്യേക സംവിധാനങ്ങള്‍ എന്നിവ തീർഥാടകര്‍ക്ക് പ്രയോജനപ്പെടും.
ഇടത്താവളങ്ങളില്‍ മികച്ച സൗകര്യങ്ങളൊരുക്കും: മന്ത്രി
പന്തളം: ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ എത്തുന്ന തീർഥാടകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്. പന്തളം ക്ഷേത്രം ഇടത്താവളത്തില്‍ ദേവസ്വം ബോര്‍ഡും തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
17ന് തീർഥാടനകാലം ആരംഭിക്കുകയാണ്. തീർഥാടകര്‍ക്ക് ഏറ്റവും സുഗമമായി ദര്‍ശനം നടത്താന്‍ അവസരമൊരുക്കും. ഇതിന്റെ തയാറെടുപ്പുകള്‍ ജൂലൈ മുതല്‍ തന്നെ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും നേതൃത്വത്തില്‍ ഉന്നതതല യോഗങ്ങള്‍ നടത്തി.
ശബരിമലയോളം തന്നെ പ്രാധാന്യമുള്ള പന്തളത്തും വകുപ്പുകള്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. പന്തളത്തും സമീപ പ്രദേശത്തും തടസമില്ലാതെ കുടിവെള്ളം ലഭ്യമാക്കണം. കുളിക്കടവുകളിലെ ചെളിയും എക്കലും നീക്കം ചെയ്യുന്നത്, കടവുകളുടെ പരിപാലനം, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് എന്നിവ ഇറിഗേഷന്‍ വകുപ്പ് ഉറപ്പാക്കണം. കെഎസ്ഇബിയുടെ അറ്റകുറ്റപ്പണികള്‍ തീർഥാടനം ആരംഭിക്കുന്നതിനു മുമ്പായി പൂര്‍ത്തിയാക്കണം. വൈദ്യുതി തടസപ്പെടുത്തിയുള്ള പ്രവൃത്തികള്‍ പിന്നീട് അനുവദിക്കില്ല. അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റുന്നതിനും തിരുവാഭരണ പാതയ്ക്ക് വഴിതെളിക്കുന്നതിനുമുള്ള ചുമതല വനം വകുപ്പിനാണ്. കെഎസ്ആര്‍ടിസി പന്തളത്തുനിന്ന് പമ്പയിലേക്കും തിരികെയും പ്രത്യേക ബസ് സര്‍വീസുകള്‍ ക്രമീകരിക്കണം. ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ പ്രത്യേക പരിഗണന നല്കി നടപ്പാക്കും. ആവശ്യത്തിന് മരുന്നും കൂടുതല്‍ ആംബുലന്‍സുകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. പന്തളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാതകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടത്തേണ്ട പ്രവൃത്തികള്‍ ഈ തീർഥാടന കാലം കഴിയുമ്പോള്‍ തന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ആന്റോ ആന്റണി എംപി, സി.വി. ശാന്തകുമാര്‍ എംഎല്‍എ, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, ജില്ലാ പൊലിസ് മേധാവി ആര് ആനന്ദ്, തിരുവല്ല സബ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. രാജു, പി.ഡി. സന്തോഷ് കുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ വിനീത അനില്‍, പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ എം.ആര്. കൃഷണകുമാരി, വൈസ് ചെയര്‍പേഴ്സണ്‍ കെ.എം. മണിക്കുട്ടന്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ്, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്, പന്തളം കൊട്ടാരം നിര്‍വാഹകസമിതി സെക്രട്ടറി എം. ആര്. സുരേഷ് വർമ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :