പ്രതീകാത്മക ചിത്രം
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിലെ അസോസിയറ്റ് പ്രഫസർ തസ്തിക തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്ക് മാറ്റി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് വിവാദമാകുന്നു. കോളജിലെ ബിരുദ, ബിരുദാനന്തര മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള തീരുമാനത്തിനെതിരേവിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയരുന്നു.
2020 നവംബർ 20 ലെ സർക്കുലർ പ്രകാരം മഞ്ചേരി മെഡിക്കൽ കോളജ് നേത്രവിഭാഗത്തിൽ പിജി കോഴ്സ് നിലവിലില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ 2021-22 വർഷം മുതൽ ഒഫ്താൽമോളജി വിഭാഗത്തിൽ രണ്ട് പിജി സീറ്റുകൾ നിലവിലുണ്ടെന്ന കാര്യം മറച്ചുവച്ചാണ് സർക്കാർ ഉത്തരവ്. നാല് വർഷത്തിലേറെയായി പിജി പ്രവേശനം നടന്നുകൊണ്ടിരിക്കുന്ന മെഡിക്കൽ കോളജിൽ പിജി കോഴ്സ് നിലവിലില്ലെന്ന പഴയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപക തസ്തിക മാറ്റാനുള്ള തീരുമാനം ഭരണപരമായ ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻഎംസി) മാനദണ്ഡങ്ങൾ പാലിക്കുന്നതിനും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ആവശ്യമായ അധ്യാപക തസ്തികകൾ മാത്രമാണ് കോളജിലുള്ളത്. ഈ സാഹചര്യത്തിൽ അസോസിയറ്റ് പ്രഫസർ തസ്തിക മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നത് കോഴ്സുകളുടെ അംഗീകാരത്തെയും ബാധിക്കും.
മാറ്റുന്ന തസ്തികക്ക് പകരമായി അസിസ്റ്റന്റ് പ്രഫസർ തസ്തിക മഞ്ചേരിയിലേക്ക് അനുവദിച്ചിട്ടുണ്ട്. എന്നാൽ രൂക്ഷമായ അധ്യാപക ക്ഷാമം നേരിടുന്നന നേത്ര വിഭാഗത്തിൽ ഇത് മതിയാകുന്നതല്ല. ആവശ്യത്തിന് അധ്യാപകരില്ലാത്ത സാഹചര്യം രോഗീപരിചരണത്തെയും ആശുപത്രിയുടെ പ്രവർത്തനങ്ങളെയും മെഡിക്കൽ വിദ്യാർഥികളുടെ അക്കാഡമിക നിലവാരത്തെയും ഗുരുതരമായി ബാധിക്കും.
എസ്എഫ്ഐ പ്രതിഷേധിച്ചു
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ഒഫ്താൽമോളജി വിഭാഗത്തിലെ അധ്യാപക തസ്തിക തിരുവനന്തപുരം മെഡിക്കൽ
കോളജിലേക്ക് മാറ്റിയ സർക്കാർ ഉത്തവിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മഞ്ചേരി മെഡിക്കൽ കോളജിലെ ഒഫ്താൽമോളജി വിഭാഗത്തിന്റെ അക്കാദമിക ആവശ്യങ്ങളും എൻഎംസി മാനദണ്ഡങ്ങളും രോഗീപരിചരണത്തിന്റെ പ്രാധാന്യവും പരിഗണിച്ച് സർക്കാർ തീരുമാനം പിൻവലിക്കണമെന്നും ആവശ്യമായ അധ്യാപക തസ്തികകൾ നിലനിർത്തുകയും നിലവിലുള്ള അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Tags : Manjeri Medical College Medical College NattuVishesham DistrictNews