മാന്നാർ: യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അധിക്ഷേപം നടത്തി സ്ത്രീത്വത്തെ അപമാനിച്ച കേസിൽ പ്രതിക്ക് ഒരു വർഷവും മൂന്നുമാസവും തടവും 5000 രൂപ പിഴയും. ചെന്നിത്തല തൃപ്പെരുന്തുറ അജിൻ ഭവനത്തിൽ എ. ബിജു (51)വിനാണ് മാന്നാർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
ഓഗസ്റ്റ് മൂന്നിന് രാത്രി 8.30ന് സ്കൂട്ടറിൽ യാത്ര ചെയ്തു വന്ന യുവതിയെ പ്രതി, കാരാഴ്മ ഭാഗത്ത് എത്തിയപ്പോൾ തടഞ്ഞു നിർത്തി ലൈഗിംക പരാമർശം നടത്തി മാനഹാനി ഉണ്ടാക്കുകയും തുടർന്ന് പിന്തുടർന്ന് യുവതിയുടെ വീടിന്റെ മുറ്റത്ത് അതിക്രമിച്ചുകയറി അശ്ലീല വാക്കുകൾ വിളിക്കുകയും ചെയ്ത കേസിലാണ് ഇയാൾക്കെതിരേ മാന്നാർ പോലീസ് കേസെടുത്തത്.
മാന്നാർ പോലീസ് സബ് ഇൻസ്പെക്ടർ കെ.എൽ. മഹേഷ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടി.എ. സോഫിയ ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ ശോഭ വിനോദ് ഹാജരായി.
Tags : Local News Nattuvishesham Kottayam