പ്രതീകാത്മക ചിത്രം
പാലക്കാട്: രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് ഇരിന്പന്റെ ചരമവാർഷികത്തോടനുബന്ധിച്ച് അഞ്ചാം അനുസ്മരണ പദയാത്ര നാളെ നടക്കും. രാവിലെ 9.30 ന് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ സാൻജോ ടവറിൽനിന്നും ആരംഭിക്കുന്ന പദയാത്ര ഇരിങ്ങാലക്കുട രൂപതയിലെ ഫാ. സിജോ ഇരിന്പൻ ഫ്ളാഗ് ഓഫ് ചെയ്യും. പദയാത്ര ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ അങ്കണത്തിൽ എത്തിയശേഷം 10.45 ന് ഫാ. ജോണ്‍ മൈലംവേലിൽ മാർ ജോസഫ് ഇരിന്പൻ അനുസ്മരണ പ്രഭാഷണം നടത്തും. 11 ന് പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, കാനഡ മിസിസാഗ രൂപത ബിഷപ് മാർ ജോസ് കല്ലുവേലിൽ എന്നിവരുടെ കാർമികത്വത്തിൽ പള്ളിയിൽ വിശുദ്ധ കുർബാനയും കബറിടത്തിൽ ഒപ്പീസും നടക്കും. തുടർന്ന് ശ്രാദ്ധസദ്യയുമുണ്ടാകും. രൂപതയിലെ എല്ലാ വൈദികരും സന്യസ്തരും ചടങ്ങുകളിൽ പങ്കെടുക്കും.
ഉച്ചയ്ക്കു ശേഷം 1.30 ന് രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള 2026- 27 സാന്പത്തിക വർഷത്തിലെ കൈക്കാരന്മാരുടെ വാർഷിക സമ്മേളനം പാസ്റ്ററൽ സെന്ററിൽ നടക്കും. ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിക്കും.
പ്രോഗ്രാം ജനറൽ കോ- ഓർഡിനേറ്ററായ വികാരി ജനറാൾ മോണ്‍. ജിജോ ചാലയ്ക്കൽ, വൈദികർ, കൈക്കാരന്മാർ, വിവിധ സംഘടനകളുടെ ഡയറക്ടർമാരും ഭാരവാഹികളും തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നു രൂപത പിആർഒ ഫാ.അഡ്വ. റെജി മാത്യു പെരുന്പിള്ളിൽ അറിയിച്ചു.