നാഷണൽ ഹൈവേ 66 കൊപ്രക്കളത്ത് ഫുട്ട് ഓവർ ബ്രിഡ്ജ് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ദേശീയപാത ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു.
കയ്പമംഗലം: നാഷണൽ ഹൈവേ 66 കൊപ്രക്കളത്ത് നിർമിക്കുന്ന ഫുട്ട് ഓവർ ബ്രിഡ്ജ് സ്ഥലം ദേശീയപാത ഉദ്യോഗസ്ഥർ സന്ദർശിച്ചു. വർഷങ്ങളായി പ്രദേശവാസികളും ജനപ്രതിനിധികളും സമരസമിതിയും ഉന്നയിച്ചിരുന്ന ആവശ്യത്തിനു കഴിഞ്ഞദിവസമാണ് അനുകൂലതീരുമാനമുണ്ടായത്.
സ്ഥലപരിമിതി കണക്കിലെടുത്ത് ഒന്നര മീറ്റർ വീതിയിൽ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമിക്കണമെന്ന കയ്പമംഗലം ഗ്രാമപഞ്ചായത്തിന്റെയും സമരസമിതിയുടെയും പൊതുപ്രവർത്തകരുടെയും ആവശ്യമാണ് ബെന്നി ബഹനാൻ എംപിയുടെ ഇടപെടലിലൂടെ ദേശീയപാത അധികൃതർ അംഗീകരിച്ചത്. ഇതോടൊപ്പം ഡിസിസി ജനറൽ സെക്രട്ടറി സി.ജെ. പോൾസന്റെ നേതൃത്വത്തിൽ ദേശീയപാത പ്രൊജക്ട് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. കയ്പമംഗലം പഞ്ചായത്തിലെ ദേശീയപാതയിലെ എൻട്രി - എക്സിറ്റ് സംവിധാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കൊപ്പം കൊപ്രക്കളത്തെ ഫുട്ട് ഓവർ ബ്രിഡ്ജിന്റെ ആവശ്യകതയും വിശദമായി അവതരിപ്പിച്ചു.
ഇതേ തുടർന്ന് ദേശീയപാത ലൈസൺ ഓഫീസർ കെ.ബി. ബാബുവുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കൊപ്രക്കളത്ത് ഒന്നര മീറ്റർ വീതിയിൽ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എൻഎച്ച് ലൈസൺ ഓഫീസർ കെ.ബി. ബാബു, ശിവാലയ പ്രതിനിധി ഷിബു പി.സിദ്ധിഖ് എന്നിവരാണ് ഫുട്ട് ഓവർ ബ്രിഡ്ജ് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ചത്.
കൊപ്രക്കളം സെന്ററിന് വടക്കുഭാഗത്തായിട്ടാണ് ഫുട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളതെന്നു ജനപ്രതിനിധികൾ പറഞ്ഞു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറി സി.ജെ. പോൾസൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സക്കരിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് കൊച്ചുവീട്ടിൽ, മണി ഉല്ലാസ്, പഞ്ചായത്തംഗം നസീമ പുതിയവീട്ടിൽ, പഞ്ചായത്ത് സെക്രട്ടറി പി.ഡി. പരമേശ്വരൻ, സി.ജെ. ജോഷി, അബ്ദുൾ ഗഫൂർ പുതിയ വീട്ടിൽ, അബ്ബാസ് തുടങ്ങിയവരും സന്നിഹിതരായി.
Tags : Nattuvishesham DistrictNews DeepikaNews over bridge