ജനറൽ ആശുപത്രി പരിസരത്തെ ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം
ഉള്ളൂർ: മെഗാ ക്ലീനിംഗ് ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം ജനറൽ ആശുപത്രി പരിസരം ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. മേയർ വി.വി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. ഗോപൻ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് അമിത് കുമാർ, ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, സ്നേക്ക് മാസ്റ്റർ വാവ സുരേഷ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ആശുപത്രി സൂപ്രണ്ടിന്റെ ആവശ്യപ്രകാരമാണ് ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജനറൽ ആശുപത്രി പരിസരം ശുചീകരിക്കാൻ നഗരസഭ മുൻകൈയെടുത്തത്. രാവിലെ പത്തിന് ആരംഭിച്ച ശുചീകരണം ഉച്ചകഴിഞ്ഞു രണ്ടുവരെ നീണ്ടുനിന്നു. ശുചീകരണ പ്രവർത്തനങ്ങൾ പകുതി പോലും എത്തിയിട്ടില്ലെന്നും തീയതി നിശ്ചയിച്ചശേഷം വരും ദിവസങ്ങളിലും തുടർപ്രവൃത്തികൾ നടത്തുമെന്നും എം.ആർ. ഗോപൻ അറിയിച്ചു. ആശുപത്രി ജീവനക്കാർ, ആരോഗ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവർ ഉൾപ്പെടെ 150 ഓളം പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഏകദേശം അഞ്ചേക്കർ കോമ്പൗണ്ടിലാണ് ജനറൽ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കാന്റീൻ പരിസരം മുതൽ ഭൂരിഭാഗം പ്രദേശങ്ങളും കാടുകയറിയ നിലയിലായിരുന്നു. വാർഡുകളുടെ സമീപത്തുപോലും പാഴ്ച്ചെടികൾ വളർന്നുനിൽക്കുന്നതിനാൽ രോഗികളുടെ അവസ്ഥ പരിതാപകരമായിരുന്നു.
Tags : Nattuvishesham Districtnews Deepikanews Mega cleaning