കേരള മെട്രോ ഡേ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയിലും വാട്ടര്‍ മെട്രോയിലും സംഘടിപ്പിച്ച "വരയും വര്‍ത്തമാനവും' പരിപാടിയില്‍ യാത്രക്കാരുടെ കാരിക്കേച്ചറുക
കൊച്ചി: കേരള മെട്രോ ഡേ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയും കൊച്ചി വാട്ടര്‍ മെട്രോയും ചേര്‍ന്ന് സംഘടിപ്പിച്ച "വരയും വര്‍ത്തമാനവും' പരിപാടി യാത്രക്കാര്‍ക്ക് വേറിട്ട അനുഭവമായി.
പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ യാത്രക്കാര്‍ക്കൊപ്പം സഞ്ചരിച്ച് അവരുടെ തത്സമയ കാരിക്കേച്ചറുകള്‍ വരച്ചുനല്കിയതോടെ മെട്രോയും വാട്ടര്‍ മെട്രോയും ചിരിയും ചിന്തയും നിറഞ്ഞ സഞ്ചരിക്കുന്ന സംവാദവേദിയായി മാറി.
കാര്‍ട്ടൂണിസ്റ്റുകളായ ഇ. പി. ഉണ്ണി, സജിത്ത് കുമാര്‍, സജ്ജീവ്, റോഷ്, മോഹിത്, ഗോകുല്‍ ഗോപാലകൃഷ്ണന് എന്നിവരാണ് പരിപാടിയുടെ ഭാഗമായി മെട്രോയിലും വാട്ടര്‍ മെട്രോയിലും യാത്ര ചെയ്ത് യാത്രക്കാരുമായി സംവദിച്ചത്.
യാത്രയ്ക്കിടെ തന്നെ യാത്രക്കാരുടെ കാരിക്കേച്ചറുകള്‍ വരച്ചുനല്‍കുകയും അവയ്ക്ക് സ്വന്തം കൈയൊപ്പ് ചേര്‍ത്ത് സമ്മാനിക്കുകയും ചെയ്തു. രാവിലെ വാട്ടര്‍ മെട്രോ സര്‍വീസുകളിലും തുടര്‍ന്ന് കൊച്ചി മെട്രോ ട്രെയിനുകളിലുമായിരുന്നു കാര്‍ട്ടൂണിസ്റ്റുകളുടെ സാന്നിധ്യം. കുട്ടികളും യുവാക്കളും കുടുംബങ്ങളും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ പരിപാടിയുടെ ഭാഗമായി.
യാത്രയ്ക്കിടെ ഉണ്ടായ രസകരമായ സംഭാഷണങ്ങളും നിമിഷങ്ങളും കാര്‍ട്ടൂണുകളിലൂടെ രേഖപ്പെടുത്തുകയും പൊതുഗതാഗത യാത്രയെ കൂടുതല്‍ ആസ്വാദ്യകരവും ജനകീയവുമാക്കാനുള്ള സന്ദേശം പങ്കുവയ്ക്കുകയും ചെയ്ത പരിപാടിക്ക് യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പരിപാടിയുടെ ഭാഗമായി വരച്ച തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ മെട്രോ, വാട്ടര്‍ മെട്രോ സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കും.
യാത്രയ്ക്കിടയിലെ ശ്രദ്ധേയമായ നിമിഷങ്ങള്‍ കൊച്ചി മെട്രോയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പങ്കുവയ്ക്കും. യാത്രക്കാരുമായി കൂടുതല്‍ ആത്മബന്ധം സ്ഥാപിക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങളെ കൂടുതല്‍ ജനകീയവും സാംസ്കാരിക അനുഭവങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
Tags : Local News Nattuvishesham Ernakulam