പാലാ: ജനറല്‍ ആശ്രുപത്രി, ഹോമിയോ ആശുപത്രി, ആയുര്‍വേദ ആശുപത്രി, വെല്‍നസ് സെന്റര്‍ എന്നിവിടങ്ങളില്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വിളിച്ചുചേര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് പാലാ നഗരസഭാ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇന്നലെ നഗരസഭാ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. കൗണ്‍സിലര്‍ ബെറ്റി ഷാജു ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് കമ്മിറ്റി വിളിച്ചുചേർക്കാത്തത് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കയാണെന്ന് ബെറ്റി ഷാജു പറഞ്ഞു. പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന്, കൗണ്‍സിലര്‍മാരായ ഷാജു വി. തുരുത്തന്, ജോര്‍ജുകുട്ടി ചെറുവള്ളി, റോയി ഫ്രാന്‍സിസ്, ജോസിന് ബിനോ, ലീനാ സണ്ണി പുരയിടം, ബിജി ജോജോ കുടക്കച്ചിറ, ടോമിന് വട്ടമല, ജിജി ബൈജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
സാങ്കേതികമെന്ന്
നഗരസഭാധ്യക്ഷ
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനായി കൗണ്‍സില്‍ തീരുമാനം എടുക്കുന്നതിലുണ്ടായ താമസം സാങ്കേതികപരമായ കാരണങ്ങളാല്‍ മാത്രമാണെന്ന് ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ നോമിനികളെ ഔദ്യോഗികമായി നിര്ദേശിക്കുന്നതിലുണ്ടായ താമസവും ഇതിന് കാരണമായി. നിബന്ധനകള്‍ക്ക് വിധേയമായി നിയമപരമായി കൗണ്‍സില്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ എല്ലാ തടസങ്ങളും നീക്കിയാണ് ഇന്നലെ എച്ച്എംസി കൂടുന്നതിനായി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും സമരം രാഷ്ട്രീയപ്രേരിതമാണെന്നും അവര്‍ പറഞ്ഞു.
പുതിയ അംഗങ്ങള്‍ക്കായി കാത്തിരിപ്പ്
കെ.എം. മാണി ജനറല്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ പുതിയ അംഗങ്ങള്‍ രംഗപ്രവേശം ചെയ്യും. കേരള കോണ്‍ഗ്രസ്-എം, എന്‍സിപി, കോണ്‍ഗ്രസ്-എസ്, ജനതാദള്‍-എസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്-ബി എന്നീ എല്‍ഡിഎഫ് കക്ഷികള്‍ നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്ത രാഷ്ട്രീകക്ഷികളായി മാറിയതിനാല്‍ മാനേജിംഗ് കമ്മിറ്റിയില്‍ തുടരാനോ പുതിയ പ്രതിനിധികളെ നിയമിക്കാനോ സാധിക്കുകയില്ലെന്നാണ് വിലയിരുത്തല്‍.
യുഡിഎഫിലെ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ആര്‍എസ്പി, സിഎംപി, കേരള കോണ്‍ഗ്രസ്-ജേക്കബ് തുടങ്ങി നിയമസഭാ പ്രാതിനിധ്യമുള്ള കക്ഷികളുടെ അംഗങ്ങളെയും എല്‍ഡിഎഫിലെ സിപിഎം, സിപിഐ, രാഷ്ട്രീയ ജനതാദള്എന്നീ കക്ഷികകളുടെ അംഗങ്ങളെയും ഉള്‍പ്പെടുത്തിയേ പുനഃസംഘടിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.
കേരള കോണ്‍ഗ്രസ്-എമ്മിലെ വാര്‍ഡ് കൗണ്‍സിലറെയും ഉള്‍പ്പെടുത്തേണ്ടി വരും. ബിജെപി പ്രതിനിധിയേയും ഉള്‍പ്പെടുത്താം.
Tags : Hospital Management