ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രതീകമാണ് യോഗ. ശരീരത്തിനും മനസിനും ഉണര്‍വ് പകരാന്‍ ചിട്ടയായ യോഗ പരിശീലനം ഉപകരിക്കും. തിരക്കേറിയ ഇന്നത്തെ ജീവിതത്തില്‍ സമ്മര്‍ദം കുറയ്ക്കാനും ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും യോഗ വലിയ പങ്കുവഹിക്കുന്നു.
യോഗയുടെ പ്രാധാന്യം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗദിനം ആചരിച്ചുവരുന്നു. ആരോഗ്യമുള്ള സമൂഹത്തിനും സന്തുലിതമായ ജീവിതത്തിനും യോഗ ഒരു മികച്ച മാര്‍ഗമാണെന്ന് ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.
നമ്മുടെ ശരീരത്തെ നിവര്‍ന്നു നില്ക്കാന് സഹായിക്കുകയും അനവധി ശരീരഭാഗങ്ങളുടെ സംയോജിത പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രധാന ഭാഗമാണ് നട്ടെല്ല്. അമിത ശാരീരിക അധ്വാനം ഉള്ളവരിലും തീര്‍ത്തും അലസജീവിതം നയിക്കുന്നവരിലും ഇന്ന് സാധാരണയായി കണ്ടുവരുന്ന ഒന്നാണ് നടുവേദനയും കഴുത്തുവേദനയും.
വ്യായാമക്കുറവ്, ശാരീരിക പരിചരണക്കുറവ്, സ്വന്തം വ്യായാമ പരിധിയെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവ നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ലളിതമായ ചില യോഗാസനങ്ങള്‍ നട്ടെല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ചവിട്ടുപടിയായി ചെയ്യാന്‍ സാധിക്കും.
നട്ടെല്ലിനായുള്ള പ്രധാന
യോഗാസനങ്ങള്‍:
ഭുജംഗാസനം- ശരിയായ രീതിയില്‍ ചെയ്യുമ്പോള്‍, നട്ടെല്ലിന്റെ ഓരോ കശേരുക്കളുടെയും വഴക്കം വര്‍ധിക്കുകയും കഠിനത കുറയുകയും ശരീരത്തിന്റെ പൊസിഷന്‍ മെച്ചപ്പെടുകയും ചെയ്യും.
ബാലാസനം- ഇടുപ്പും നട്ടെല്ലും മെല്ലെ ശക്തിപ്പെടുത്തുന്നു. പുറംവേദന ബുദ്ധിമുട്ട്, പൊസിഷന്‍ മാറ്റത്തിലെ ബുദ്ധിമുട്ട് എന്നിവ കുറയ്ക്കാന്‍ ഇത് സഹായകരമാണ്.
സുപ്ത മത്സ്യേന്ദ്രാസനം- നട്ടെല്ല് നല്ലതുപോലെ നിവര്‍ത്തി സ്വാഭാവിക ചലനപരിധി വര്‍ധിപ്പിക്കുന്നു. വശത്തേക്ക് വളയല്‍, തിരിവ്, കഴുത്തിന്റെയും പുറത്തിന്റെയും ചലനം എന്നിവ മെച്ചപ്പെടുത്തുന്നു.
സേതുബന്ധാസനം- കഴുത്തും പുറവും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തി നട്ടെല്ല് ശരിയായ നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ വയര്‍, നടുവ്, കാലുകള്‍ എന്നിവയിലെ പേശികളെ ശക്തിപ്പെടുത്തി പൊസിഷന്‍ നല്ല രീതിയില്‍തന്നെ മെച്ചപ്പെടുത്തുന്നു.
യോഗയുടെ യഥാര്‍ഥ ഗുണഫലം ലഭിക്കുന്നത് ശരീരചലനങ്ങളെ ശ്വാസത്തോടും അനുഭൂതിയോടും തിരിച്ചറിവോടും കൂടി ചേര്‍ത്തുനിര്‍ത്തി ഏകോപിപ്പിക്കുമ്പോഴാണ്. ഈ സമഗ്ര സമീപനം വ്യക്തിക്ക് ശാരീരിക, മാനസിക, വികാരപരമായ ഗുണം ചെയ്യുന്നു.
Tags : yoga for Nattuvishesham Distric News