നൊമിനിറ്റ ജോസ്
കോട്ടയം: ഒരു സാധാരണ വീട്ടമ്മ, മാനസികവും ശാരീരികവുമായി തളര്‍ന്നു പോകുമായിരുന്ന തന്റെ സാഹചര്യങ്ങളില്‍നിന്നു യോഗയിലൂടെ സ്വയം ഉയിര്‍ത്തെണീറ്റ് യോഗ ഇന്‍സ്ട്രക്ടറായി തീര്‍ന്ന അനുഭവമാണ് കോട്ടയം രാമപുരം സ്വദേശിനി ശ്രീജ ദീപക്കിന്റേത്.
യൗവ്വനാരംഭം മുതല്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന ദേഹാസ്വാസ്ഥ്യങ്ങളെ കൃത്യമായി കണ്ടെത്താനാകാതെ വന്നപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞു, ഇവള്‍ക്ക് എല്ലാം തോന്നലാണ്, ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കൂ എന്ന്. അങ്ങനെ 21 ദിവസം മാനസികരോഗാശുപത്രിയില്‍ കിടന്ന ചരിത്രത്തില്‍ തുടങ്ങുന്നു ശ്രീജയുടെ കഥ.
ഒരു സുപ്രഭാതത്തില്‍ മാനസികന്യൂനതയുടെ ഉറക്കംതൂങ്ങി മരുന്നുകള്‍ ഉപേക്ഷിച്ചശേഷം, ശാരീരികബുദ്ധിമുട്ടുകള്‍ ആരോടും പറയാതെ കൊണ്ടു നടക്കുന്ന ശീലം ആരംഭിച്ചു. പാതിരാവുകളിലെത്തുന്ന മൈഗ്രേന്, ഹീമോഗ്ലോബിന്‍ ലെവല്‍ ക്രമാതീതമായി താഴ്ന്നു പോകുന്ന പ്രശ്നം, ഇതിനിടയില്‍ വിവാഹം, കുട്ടികള്‍, വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ഇതൊക്കെയും സംഭവിച്ചു.
തന്റെ ബുദ്ധിമുട്ടുകള്‍ ഡോ. തോമസ് ആലിയാട്ടുകുടിയെ ബോധ്യപ്പെടുത്തിയപ്പോൾ, രോഗിയായ തന്നെ വിശ്വസിക്കുകയും രോഗത്തിന്റെ കാരണം തേടുകയും ചെയ്ത അദ്ദേഹമാണ് പതിറ്റാണ്ടുകളായുള്ള പ്രശ്നം കണ്ടുപിടിച്ചത്. അത്യപൂര്‍വമായ ലെഡ് പോയ്സണിംഗ്.
തുടര്‍ന്നുള്ള ജീവിതത്തെക്കുറിച്ച് ആര്‍ക്കും ഒരുറപ്പും ഉണ്ടായിരുന്നില്ല. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, ലെഡ് വീണ്ടും ആക്രമിക്കുമോ? ഒരു പ്രതിരോധ പരിഹാരം എന്ന നിലയില്‍, ഡോ. തോമസിന്റെ തന്നെ ഉപദേശപ്രകാരമാണ് യോഗ ചെയ്തുനോക്കാന്‍ തീരുമാനിച്ചത്.
നല്ലൊരു ഗുരുവിനെ തേടിയുള്ള യാത്ര പതഞ്ജലി കോളജ് ഓഫ് യോഗ സ്ഥാപക ഡയറക്ടര്‍ യോഗാചാര്യന് ടി. മനോജില്‍ എത്തിച്ചു. അദ്ദേഹമാണ് യോഗമാര്‍ഗം ജീവിതമാര്‍ഗമാക്കാന്‍ സഹായിച്ചത്. തുടര്‍ന്ന് ബംഗളൂരു എസ് വ്യാസ യൂണിവേഴ്സിറ്റി, തമിഴ്നാട് സ്പോര്‍ട്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഉപരിപഠനം. ആയുഷ് മന്ത്രാലയത്തിന്റെ വെല്‍നസ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി.
തമിഴ്നാട് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയില്നിന്നു് എംഎസ്സി യോഗ പൂര്‍ത്തിയാക്കി. എട്ടു വര്‍ഷക്കാലമായി യോഗ അധ്യാപനത്തില്‍ സജീവമാണ്. എറണാകുളം ആസ്ഥാനമാക്കി 2018 ല്‍ യോഗ യോഗ പഠനകേന്ദ്രം തുടങ്ങി. തൊടുപുഴയിലും ക്ലാസുകള്‍ ആരംഭിച്ചു. കോവിഡ് വ്യാപന കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് തിരിഞ്ഞു.
ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, സെന്റ് മേരീസ് ഹൈസ്കൂള്‍ കിടങ്ങൂര്‍ എന്നിവിടങ്ങളില്‍ യോഗ ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യക്ക് പുറമേ അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ, യുഎഇ തുടങ്ങി വിവിധ രാജ്യങ്ങളിലായി നിരവധി പേര് യോഗശ്രീയില് ഓൺലൈനായി യോഗ പഠിക്കുന്നു. ഇപ്പോള്‍ രാമപുരമാണ് യോഗശ്രീ യോഗ പഠനകേന്ദ്രത്തിന്റെ ആസ്ഥാനം. 95 ശതമാനവും രോഗമുക്തയാണ് ശ്രീജ.
ശ്രീജയ്ക്കൊപ്പം ഏത് അവസ്ഥയിലും കൂട്ടിരുന്നത് അച്ഛന് പരമേശ്വരന് നമ്പൂതിരിയും അമ്മ ആര്യാദേവിയും ഭര്‍ത്താവ് ദീപക്കും മക്കളായ ബാലഗോപാലനും നിരവദ്യയുമാണ്.