അപകടത്തിൽപ്പെട്ട ലോറി ക്രെയിൻ ഉപയോഗിച്ച് പാതയോരത്തേക്കു മാറ്റിയിടുന്നു.
വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടം മേരിഗിരിയിൽ തൃശൂർലൈനിൽ സ്വകാര്യ ഏജൻസിയുടെ പാൽ കയറ്റിപ്പോയിരുന്ന ഐഷർ മസ്താ വാഹനം മറിഞ്ഞു. ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. പൊള്ളാച്ചിയിൽ നിന്നും പാൽ കയറ്റി എറണാകുളത്തേക്കു പോയിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ വാഹനം ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് പാക്കറ്റുകളെല്ലാം പൊട്ടി റോഡിൽ പാൽ ഒഴുകി നിറഞ്ഞു. വാഹനത്തിൽ നിന്നുള്ള ഓയിലും റോഡിൽ പരന്നു.
വടക്കഞ്ചേരി ഫയർഫോഴ്സെത്തി ഏറെനേരം പണിപ്പെട്ടാണ് റോഡ് ക്ലീൻ ചെയ്തത്. ഹൈവേ പോലീസും വടക്കഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു. ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റിയാണ് പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചത്. വാഹനം പൂർണമായും തകർന്ന നിലയിലാണ്.
Tags : Pandalam nattuvisesham local news