തകർന്ന റോഡ്
നെടുമങ്ങാട്: വർഷങ്ങളായി നവീകരണം നടക്കാത്തതിനാൽ മിത്രാനികേതൻ-ചക്കിപ്പാറ റോഡ് തകർന്ന നിലയിൽ. 15 വർഷത്തിലേറെയായി ഈ പാതയിൽ യാതൊരുവിധ വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. മിത്രാനികേതൻ മുതൽ ചക്കിപ്പാറ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരമാണ് പൂർണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്.
കമ്പനിമുക്ക്, വെളിയന്നൂർ, ചാങ്ങ തുടങ്ങിയ പ്രദേശങ്ങളിൽനിന്നു പുനലാൽ, ഉറിയാക്കോട്, കൊണ്ണിയൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള പ്രധാനമാർഗമായിരുന്നു ഇത്. കമ്പനിമുക്ക്, പുനലാൽ വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും ഈ പാതയാണ്. എന്നാൽ റോഡ് തകർന്നതോടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ഇതുമൂലം ഇവിടത്തുകാർ കിലോമീറ്ററുകളോളം ചുറ്റിയാണ് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. വർഷങ്ങൾക്കു മുൻപ് ഇതുവഴി കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നുവെങ്കിലും റോഡിന്റെ ശോച്യാവസ്ഥമൂലം അതുംനിലച്ചു. റോഡിലെ വലിയ കുഴികൾമൂലം ഇരുചക്ര വാഹന യാത്രികർ നിരന്തരം അപകടങ്ങളിൽപെടുന്നത് പതിവാണ്.
സ്കൂൾ വിദ്യാർഥികളും ജോലിക്കായി പോകുന്നവർക്കും യാത്ര ചെയ്യാൻ കഴിയാതെ വലയുകയാണ്. അത്യാഹിത ഘട്ടങ്ങളിൽ ആംബുലൻസോ മറ്റു വാഹനങ്ങളോ ഇതുവഴി കടന്നുവരാൻ കഴിയാത്തതു പ്രദേശവാസികളുടെ ജീവനു തന്നെ വലിയ ഭീഷണിയാകുന്നുണ്ട്. നൂറുകണക്കിന് ആളുകൾ താമസിക്കുന്ന പ്രദേശത്താണ് ഈ ദുരവസ്ഥ.
Tags : Nattuvishesham DistrictNews DeepikaNews road damaged.