മാത്യു കുഴൽനാടൻ
മൂവാറ്റുപുഴ: കനത്ത മഴയില് തകര്ന്ന വീടുകള് മാത്യു കുഴല്നാടന് എംഎല്എയുടെ നേതൃത്വത്തില് ജനപ്രതിനിധികള് സന്ദര്ശിച്ച് സ്ഥിതിഗതികള് വിലയിരുത്തി. മഞ്ഞള്ളൂര് പേരുപറമ്പില് ബാലചന്ദ്രന്റെ വീട് പൂര്ണമായും നശിച്ചു. കൊത്തളത്തില് സോമന്റെ വീടിനു ഭാഗികമായി തകര്ച്ച നേരിട്ടു. പ്രകൃതി ക്ഷോഭത്തില് വീട് പൂര്ണമായും നഷ്ടപ്പെട്ടവര്ക്കുള്ള സഹായം നാലില് നിന്ന് ആറു ലക്ഷമാക്കി സംസ്ഥാന സര്ക്കാര് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില് ഉയര്ത്തിയിരുന്നു.
വെള്ളം കയറിയ വീടുകളില് താമസിച്ചിരുന്നവര്ക്ക് പതിനായിരം രൂപയും ക്യാമ്പുകളില് കഴിയുന്ന ഒരു വീട്ടിലെ രണ്ടാളുകള്ക്ക് ദിവസം 300 രൂപ വീതവും നല്കുന്നതിനു സംസ്ഥാന സര്ക്കാര് തീരുമാനിച്ചിരുന്നു. തകര്ന്ന വീട് വാസയോഗ്യമാക്കുന്നത് വരെയുള്ള വാടകയും സംസ്ഥാന സര്ക്കാര് നല്കും.
മഞ്ഞള്ളൂര് പഞ്ചായത്ത് പ്രസിഡന്റ് ടോമി തന്നിട്ടമാക്കേല്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല് തുടങ്ങിയവരും എന്നിവരും എംഎല്എയോടൊപ്പം ഉണ്ടായിരുന്നു.
വിവിധ പഞ്ചായത്തുകളിലും നഗരസഭ പരിധിയിലും വിവിധ വ്യക്തികള്ക്കും കുടുംബങ്ങള്ക്കും ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകള് അടിയന്തരമായി ലഭ്യമാക്കുവാന് എംഎല്എ മൂവാറ്റുപുഴ തഹസില്ദാര്ക്ക് നിര്ദ്ദേശം നല്കി. നാശനഷ്ടങ്ങളുടെ പൂര്ണ വിവരങ്ങള് ലഭ്യമാക്കിയതിനു ശേഷം ഇവര്ക്ക് അര്ഹമായ നഷ്ട പരിഹാരം നല്കുന്നതിനു സര്ക്കാരില് സമ്മര്ദ്ദം ചെലുത്തുമെന്ന് എംഎല്എ പറഞ്ഞു.