തൃക്കരിപ്പൂർ: ഹരിതഭൂമിക്കായുള്ള കരുതിവയ്പ്പിന്റെ സന്ദേശമുയർത്തി ലോക സൈക്കിൾ ദിനാചരണം. തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബ് കണ്ണൂർ ഡെക്കാത്തലോണുമായി ചേർന്ന് സംഘടിപ്പിച്ച മഴക്കാല സൈക്കിൾ ചലഞ്ചിനും ദിനത്തിൽ തുടക്കമായി.
ജൂണിൽ ചുരുങ്ങിയത് 20 ദിവസം 20 കിലോമീറ്ററിൽ കുറയാതെ സൈക്കിൾ റൈഡ് ചെയ്യുന്നതാണ് ചലഞ്ച്. തൃക്കരിപ്പൂർ ക്ലബ് അംഗങ്ങളായ 30 ലേറെ പേരാണ് മഴക്കാല ചലഞ്ചിൽ പങ്കെടുക്കുന്നത്. തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സൈക്ലിംഗ് ക്ലബ് പ്രസിഡന്റ് എ.കെ. അബ്ദുള്ളക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. ടി.പി. ഉല്ലാസ്, ടി.എം.സി. ഇബ്രാഹിം, രാജേഷ് കുഞ്ഞിവീട്ടിൽ, റാഷിദ് കോഴിക്കോട് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കാലിക്കടവ് വഴി പയ്യന്നൂരിലേക്ക് സൈക്കിൾ റൈഡ് നടത്തി.