പ്രതീകാത്മക ചിത്രം
പാലക്കാട്: മഴ ശക്തമായ സാഹചര്യത്തിൽ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. ജൂലൈ 30 മുതൽ ഓഗസ്റ്റ് മൂന്ന് വരെയുള്ള കണക്കുകൾ പ്രകാരം വൈദ്യുതി മേഖലയിൽ 59.11 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
അഞ്ച് ഹൈ ടെൻഷൻ പോളുകൾക്കും 87 ലോ ടെൻഷൻ പോളുകൾക്കും കേടുപാടുകൾ സംഭവിച്ചു. രണ്ട് സ്ഥലങ്ങളിൽ എച്ച്ടി ലൈനുകളും 243 ഇടങ്ങളിൽ എൽടി ലൈനുകളും പൊട്ടിവീണു. കാർഷിക മേഖലയിലും കാലവർഷം വലിയ നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്. നെന്മാറ അയിലൂരിൽ രണ്ട് തെങ്ങുകളും ഷൊർണൂർ ചളവറയിൽ 0.1 ഹെക്ടർ കിഴങ്ങുവർഗ വിളകളും ഉൾപ്പെടെ 0.14 ഹെക്ടറിലെ കൃഷി നശിച്ചു (15000 രൂപയുടെ നഷ്ടം). പെരുമാട്ടി പഞ്ചായത്തിലെ മീനാക്ഷിപുരം നന്ദിയോടിൽ ഒരു കാലിത്തൊഴുത്ത് പൂർണമായും തകർന്നു വീണു.
മഴ ശക്തമായ ജൂലൈ 30 മുതൽ ജില്ലയിൽ നാല് വീടുകൾ പൂർണമായും 45 വീടുകൾ ഭാഗികമായും തകർന്നു. അവസാന 24 മണിക്കൂറിൽ പാലക്കാട് താലൂക്കിലെ പെരുവെന്പ്, കൊടുന്പ് വില്ലേജുകളിൽ ഓരോ വീടുകൾ വീതം പൂർണമായി തകർന്നു. അകത്തേത്തറ, മലന്പുഴ, അലനല്ലൂർ, തച്ചനാട്ടുകര, അന്പലപ്പാറ, ചെർപ്പുളശേരി, തൃത്താല, കുത്തന്നൂർ, പെരിങ്ങോട്ടുകുറിശി, മംഗലം ഡാം, തിരുവേഗപ്പുറ തുടങ്ങിയ വില്ലേജുകളിലായി 14 വീടുകൾക്കും ഭാഗികമായി കേടുപാടുകൾ ഉണ്ടായി.
നിലവിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാന്പുകളൊന്നും പ്രവർത്തിക്കുന്നില്ല. ഒറ്റപ്പാലം താലൂക്കിലെ ചെർപ്പുളശേരി വില്ലേജിൽപ്പെട്ട കോട്ടക്കുന്നിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രണ്ടു ഡാമുകളാണ് ജില്ലയിൽ തുറന്നത്. മംഗലം ഡാമിൽ നിലവിലെ ജലനിരപ്പ് 76.67 മീറ്ററാണ്. ഡാമിന്റെ ആറ് സ്പിൽവേ ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
കാഞ്ഞിരപ്പുഴ ഡാമിൽ ജലനിരപ്പ് 95.91 മീറ്ററിലെത്തിയതിനെ തുടർന്ന് മൂന്ന് ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം തുറന്നുവിട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ ശരാശരി 14.05 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews crops damaged.