സ്കൂളിൽ അക്ഷയ്ക്ക് ഉച്ചഭക്ഷണം വാരിക്കൊടുക്കുന്ന അൻസിൽ.
വടക്കഞ്ചേരി: മാതൃസ്നേഹംപോലും തോറ്റുപോകും ഈ സുഹൃദ് സ്നേഹത്തിൽ. പന്തലാംപാടം മേരീമാതാ ഹയർ സെക്കൻഡറി സ്കൂളിലാണ് സ്നേഹബന്ധത്തിന്റെ പുത്തൻകാഴ്ച.
എട്ടാം ക്ലാസ് സി ഡിവിഷനിലെ കൂട്ടുകാരാണ് വി. അക്ഷയും ആർ. അൻസിൽ മുഹമ്മദും. രണ്ടുപേരും വടക്കഞ്ചേരിക്കാർ. ഒരാഴ്ചമുമ്പ് പന്തുകളിക്കിടെ അക്ഷയുടെ കൈയൊടിഞ്ഞ് പ്ലാസ്റ്ററിട്ടു.
ഇതിനാൽ എഴുതാനും ബസ് യാത്രയ്ക്കുമെല്ലാം ബുദ്ധിമുട്ടായി. ഭക്ഷണം കഴിക്കാനും അക്ഷയ് കഷ്ടപ്പെടുന്നതു കണ്ടപ്പോൾ പ്രിയ സുഹൃത്ത് അൻസലിന് അതു കണ്ടുനിൽക്കാനായില്ല.
ഭക്ഷണം പ്ലേറ്റിൽവാങ്ങി അവൻ അക്ഷയിനേയും കൂടെ വിളിച്ചിരുത്തും. പ്ലേറ്റിൽനിന്നും ചോറെടുത്ത് ഉരുളകളാക്കി അവൻ അക്ഷയുടെ വായിൽ വച്ചുകൊടുക്കും. വായിലേക്ക് വച്ചുകൊടുക്കുമ്പോൾ ചോറ് കുറച്ചുഭാഗം പ്ലേറ്റിലേക്ക് തന്നെ വീഴും. വായിലേക്ക് വച്ചുകൊടുത്ത ചോറിന്റെ ബാക്കിയല്ലേ എന്നുകരുതി അവൻ അതുമാറ്റിവയ്ക്കുകയില്ല. അവനും ഒപ്പം കഴിക്കും.
മറ്റു സഹപാഠികൾ കാണുമ്പോൾ എന്തുവിചാരിക്കും എന്നൊന്നും അവൻ നോക്കാറുമില്ല. അൻസിലിന്റെ ഈ സ്നേഹബന്ധം മറ്റു കുട്ടികളിലും വലിയ പാഠങ്ങളാണ് പകരുന്നത്. വലിയ മനുഷ്യസ്നേഹംകണ്ട് മറ്റു കുട്ടികളും ഇപ്പോൾ അക്ഷയിനെ സഹായിക്കാൻ മത്സരിക്കുന്ന സ്ഥിതിയായി. ബാഗ് തോളിൽ വച്ചുനടക്കാനും പാഠഭാഗങ്ങൾ എഴുതി കൊടുക്കാനുമൊക്കെ മറ്റു കൂട്ടുകാരും റെഡി.
സ്കൂളിലെ കിച്ചനു മുന്നിലെ മതിൽക്കെട്ടിലും ബഞ്ചുകളിലും ഇരുന്നാണ് കുട്ടികൾ ഭക്ഷണം കഴിക്കുക. ഇവരുടെ സ്നേഹപ്രകടനംകണ്ട് സ്കൂളിലെ ജീവനക്കാരനായ ലിജോയാണ് രംഗങ്ങൾ അവരോ മറ്റു കുട്ടികളോ അറിയാതെ മൊബൈലിൽ പകർത്തിയത്. ക്ലാസ് ടീച്ചർ സ്നേഹ വീഡിയോ ക്ലാസ്ഗ്രൂപ്പിൽ ഇട്ടപ്പോൾ പിന്നെ അൻസിലിന്റെ സ്നേഹബന്ധങ്ങളുടെ മൂല്യം പരമോന്നതിയിലെത്തി. അൻസിലിന് ഇപ്പോൾ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.
സ്കൂൾ മാനേജർ ഫാ. ആൻസൺ മേച്ചേരി അൻസിലിന് അഭിനന്ദിച്ച് സമ്മാനങ്ങൾ നൽകി.