കൊയിലാണ്ടി: നന്തി - ചെങ്ങോട്ട്കാവ് ബൈപാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ സർവീസ് റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ബൈപ്പാസിന് സമീപം പനച്ചികുന്നിൽ സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം നടക്കുന്ന സമരപ്പന്തൽ ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു.
നഗരസഭയുടെ പനച്ചികുന്ന് റോഡ് ബന്ധിക്കുന്നിടത്ത് 45 വർഷം മുൻപുള്ള റോഡ് ബൈപാസ് നിർമ്മിച്ചതിനെ തുടർന്നാണ് മുറിഞ്ഞു പോയത്. മറുഭാഗത്ത് റെയിലും ഈ ഭാഗത്ത് ബൈപാസും വന്നതോടെ ഇവിടെയുള്ള 200 ഓളം കുടുംബങ്ങൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് .എംപി സമരക്കാരുമായി സംസാരിച്ചതിനുശേഷം എൻഎച്ച് ഐ എ അധികൃതരുമായി ബന്ധപ്പെട്ട് അവർക്കൊപ്പം വീണ്ടും സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചു. സമരസമിതിയുടെ നിവേദനം ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂരും കൺവീനറും നഗരസഭ ഉപാധ്യക്ഷയുമായ സി.ടി ബിന്ദുവും എംപി ക്ക് നൽകി.മൂടാടി പഞ്ചായത്ത് മെംബർ മൻജു നാരായണൻ സമരസമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.