മുല്ലാക്കൽ ക്ഷേത്രം റോഡിൽ നടന്നു പോകാനാവാത്തവിധം മഴവെള്ളം കെട്ടിക്കിടക്കുന്നു.
ചമ്പക്കുളം: നെടുമുടി പഞ്ചായത്തിലെ 11 -ാം വാർഡിൽ സാംബവ വിഭാഗത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലേക്കും സമീപത്തെ കോളനിയിലേക്കും നിർമിച്ച റോഡിന് അവഗണന മാത്രം. നെടുമുടി ഗ്രാമപഞ്ചായത്തിലെ 10 ഉം 11 ഉം വാർഡുകളെ തമ്മിൽ വേർതിരിക്കുന്നതാണ് റോഡ്. നെടുമുടി കരുവാറ്റ റോഡിൽ മതിമഠം ജംഗ്ഷനിൽനിന്നാരംഭിച്ച് കൊക്കരാക്കൽ ക്ഷേത്രം വഴി മുല്ലാക്കൽക്ഷേത്രത്തിലേക്ക് 15 വർഷങ്ങൾക്ക് മുൻപ് നിർമിച്ചതാണ് റോഡ്. മതിമഠം മുതൽ കൊക്കരാക്കൽ ക്ഷേത്രം വരെയുള്ളഭാഗം ടാർ ചെയ്ത് സുഗമമാക്കിയെങ്കിലും ബാക്കിയുള്ള 400 മീറ്ററിൽ താഴെയുള്ള ദൂരം കാൽനടയാത്രപോലും ദുഷ്കരമാക്കുന്നു.
ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിന് മഠത്തിൽ മുല്ലാക്കൽ പാടശേഖരത്തിൽ വെള്ളം കയറിയപ്പോൾ ഈ റോഡിൽ മൂന്ന് അടിയോളം വെള്ളം കയറിയത് ഇവിടെയുള്ള നൂറ് കണക്കിനു വീടുകളിലെ ആളുകളുടെ സഞ്ചാരത്തിനു തടസം സൃഷ്ടിച്ചു. നിരവധി സ്കൂൾവിദ്യാർഥികൾ ഉൾപ്പെടെ നൂറ് കണക്കിനാളുകളാണ് ഈ വഴി ഉപയോഗിക്കുന്നത്. മഠത്തിൽ മുല്ലാക്കൽ, പുത്തൻപുര, കല്ലൂരം തുടങ്ങിയ പാടശേഖരങ്ങളിലേക്ക് കർഷകർക്കും തൊഴിലാളികൾക്കും വേഗത്തിൽ എത്തിച്ചേരാവുന്ന വഴിയാണ് ഇത്. മഠത്തിമുല്ലാക്കൽ പാടശേഖരത്തിലെ ഭൂരിപക്ഷം വരുന്ന നിലത്തിലെ നെല്ല് സംഭരണം നടത്തുന്നത് ഈ റോഡിന്റെ വശങ്ങളിലാണ്. എന്നാൽ മില്ലുകാരുടെ വാഹനം എത്താത്തതിനാൽ ചെറിയ വാഹനങ്ങളിൽ കയറ്റി നെല്ല് നെടുമുടി കരുവാറ്റ റോഡിൽ എത്തിക്കാൻ കർഷകർ നിർബന്ധിതരാകുന്നു. മഴപെയ്താൽ വെള്ളം റോഡിൽനിന്ന് ഒഴുകിപ്പോകാത്തതിനാൽ ദിവസങ്ങളോളം ഇവിടെ വെള്ളം കെട്ടികിടക്കുക പതിവാണ്.
ഇതിനോട് ചേർന്നുള്ള ഓണാട് കോളനിയിൽ 15 ഓളം കടുംബങ്ങൾ താമസിച്ചു വരുന്നു. പാടശേഖരത്തിലെ വെള്ളം ഇറങ്ങിയാലും, വേനൽ കാലമായാലും നടന്നുപോകാനോ ചെറു വാഹനങ്ങളിൽപോലും ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കാൻപോലും ആവാത്ത ദയനീയ അവസ്ഥയിലാണ് നാട്ടുകാർ.
കുടുംബക്ഷേത്രമായ കൊക്കരാക്കൽ ക്ഷേത്രം വരെ റോഡ് ടാർ ചെയ്യുകയും തുടർന്നുള്ള ഭാഗം വർഷങ്ങളായി ഒഴിവാക്കിയിരിക്കുന്നത് ഈ നാട്ടിലെ സാധാരണക്കാരോടും ദളിത് വിഭാഗങ്ങളോടുമുള്ള അവഗണനയാണ് എന്ന് ആക്ഷേപിച്ച് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽനിന്നു വിട്ടു നിൽക്കും എന്നു നാട്ടുകാർ ഭീഷണി മുഴക്കി ബാനർ സ്ഥാപിച്ചിരുന്നു. പ്രധാന രാഷ്ട്രീയ പാർട്ടികൾ ആളുകളെ അനുനയിപ്പിച്ച് റോഡ് പുനരുദ്ധരിക്കും എന്നു വാഗ്ദാനം നല്കി വോട്ടെടുപ്പിൽ പങ്കെടുപ്പിച്ചെങ്കിലും നളിതുവരെ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നതാണ് നാട്ടുകാരുടെ പരാതി.
Tags : NattuVishesham DistrictNews