കൊച്ചി: കാലവര്‍ഷം കനത്തതോടെ കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണാന്‍ ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ടി.ജെ. വിനോദ് എംഎല്‍എ, കളക്ടര്‍ ജി. പ്രിയങ്ക എന്നിവരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. നഗരത്തിലെ പ്രധാന കനാലുകളുടെ നവീകരണവും വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ട് നിര്‍മാര്‍ജന പദ്ധതികളുമാണ് ചര്‍ച്ചയായത്.
മുല്ലശേരി കനാല്‍ നവീകരണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗം നിര്‍ദേശം നല്കി. കനാല്‍ നവീകരണത്തിന് തടസമായി നില്ക്കുന്ന കെഡബ്ല്യുഎ, ബിഎസ്എന്‍എല്‍, കെഎസ്ഇബി എന്നിവയുടെ ഭൂഗര്‍ഭ കേബിളുകളും പൈപ്പുകളും അടിയന്തരമായി മാറ്റിസ്ഥാപിക്കുന്നതിനും നിര്‍ദേശം നല്കി.
ടിപി കനാലിന്റെ ഒന്ന്, മൂന്ന്, നാല് റീച്ചുകളിലെ ജോലികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം റീച്ചിന്റെ അവശേഷിക്കുന്ന ജോലികള്‍ 30നകം പൂര്‍ത്തിയാക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്കി. കൂടാതെ ടിപി കനാലിന്റെ മൗത്ത് വൃത്തിയാക്കുന്ന ജോലികള്‍ ് 15നകം കോര്പറേഷന് പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.കെഎസ്ആര്‍ടിസി ഡിപ്പോ പ്രദേശത്തെ കാനകളിലെ അനധികൃത വേസ്റ്റ് നിക്ഷേപവുമായി ബന്ധപ്പെട്ട് കാനകള്‍ അടിയന്തിരമായി വൃത്തിയാക്കാനും കാനകള്‍ക്ക് മുകളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും കൊച്ചി കോര്പറേഷന് അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
ഇന്ദിരാനഗറിലെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിനായി റോഡ് ഉയര്‍ത്തുന്ന ജോലികളും വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ ഷട്ടര്‍ സ്ഥാപിക്കുന്ന ജോലികളും അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കോര്‍പറേഷനോട് യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ ക്യാമ്പ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, സബ് കളക്ടര്‍ ഗ്രന്ഥേ സായി കൃഷ്ണ, ദുരന്ത നിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ വി.ഇ. അബ്ബാസ്, കൊച്ചി കോര്പറേഷന് സെക്രട്ടറി പി.എസ്. ഷിബു, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags :