പ്രതീകാത്മക ചിത്രം
അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്ത് ഒന്നാം വാർഡിലെ തകർന്നടിഞ്ഞ മുണ്ടുവേലിപ്പടി-വേദഗിരി റോഡ് നന്നാക്കാൻ നടപടിയായില്ല. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പ്രതിഷേധമുയരുകയും നാട്ടകം സുരേഷ് എംഎൽഎ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.
തോമസ് ചാഴികാടൻ എംപിയായിരിക്കുമ്പോൾ പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിന് 2.80 കോടി രൂപ അനുവദിച്ച റോഡാണിത്. പിഎംഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡുകൾക്ക് നിർദേശിക്കപ്പെട്ട ആധുനിക സർഫസ് ഡ്രസിംഗ് സാങ്കേതികവിദ്യയും അതിനനുസൃതമായ സംവിധാനങ്ങളും ഇല്ലാത്തതിനാൽ കരാറുകാരൻ പിൻവാങ്ങുകയായിരുന്നു.
60 ശതമാനം കേന്ദ്രഫണ്ട് വിനിയോഗിച്ചാണ് റോഡ് നിർമിക്കുന്നത്. ബാക്കി 40 ശതമാനം സംസ്ഥാന സർക്കാരിന്റെ വിഹിതമാണ്. കേന്ദ്രവിഹിതമായ 2.80 കോടി രൂപയുടെ 40 ശതമാനം തുക ഓടയും കലുങ്കും കൽക്കെട്ടും നിർമിക്കുന്നതിന് ഇതിനകം ചെലവിച്ചു.
നിർമാണം അനിശ്ചിതത്വത്തിലായ റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. വിവിധ സംഘടനകളും നാട്ടുകാരും ഒട്ടേറെ നിവേദനങ്ങളും പരാതികളും നൽകി കാത്തിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് അന്നത്തെ മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിൽ 80 ലക്ഷം രൂപ അനുവദിച്ചിരുന്നു.
നിലവിൽ റോഡ് നിർമാണം ഒരു കരാറുകാരൻ ഏറ്റെടുത്തെങ്കിലും എഗ്രിമെന്റ് വച്ചിട്ടില്ല. ടാറിനും ഇതര സാമഗ്രികൾക്കും ഉണ്ടായ വിലവർധനയുടെ പശ്ചാത്തലത്തിൽ 48 ലക്ഷം രൂപകൂടി അധികമായി അനുവദിച്ചാലേ കരാർ വയ്ക്കാൻ കരാറുകാരൻ തയാറാകുകയുള്ളൂ. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും സമയബന്ധിതമായി കാര്യങ്ങൾ നടക്കുന്നില്ല. നടപടികൾ വേഗത്തിലാക്കുമെന്ന് സ്ഥലം സന്ദർശിച്ച നാട്ടകം സുരേഷ് എംഎൽഎ നാട്ടുകാർക്ക് ഉറപ്പു നൽകിയിരുന്നു.
കാൽനട യാത്ര പോലും സാധിക്കാത്ത തരത്തിൽ റോഡ് തകർന്നുകിടക്കുകയാണ്. ഈ മഴക്കാലം കഴിയുമ്പോഴേക്കും നിർമാണ പ്രവൃത്തികൾ ആരംഭിക്കാവുന്ന രീതിയിൽ നടപടികൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നിവേദനം നൽകി
അതിരമ്പുഴ: മുണ്ടുവേലിപ്പടി - വേദഗിരി റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പ്രദേശവാസികളിൽ നിന്നും ഒപ്പുശേഖരണം നടത്തി മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി. പാർട്ടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ജോയി ചാക്കോ, ടോമി പാറപ്പുറം എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Road