പ്രതീകാത്മക ചിത്രം
പിറവം: പാഴൂർ ആറ്റുതിരം പാർക്ക് തകരാനിടയായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. എന്നാൽ ഇതിനിതിരെ നഗരസഭാ കൗൺസിലറും മുൻ ചെയർപേഴ്സണുമായ ജൂലി സാബു വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
പാർക്കിന്റെ നിർമാണം ശരിയായ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് പൊതുവെ ആക്ഷേപമുണ്ടായിരുന്നതായി നഗരസഭാ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാർ പറഞ്ഞു. 2012 ൽ തുടങ്ങിയ പാർക്ക് നിർമാണം പലഘട്ടങ്ങളായാണ് പൂർത്തീകരിച്ചത്. പാർക്കിന്റെ മൂവാറ്റുപുഴയാറിനോട് ചേർന്നുള്ള ഭാഗത്തെ പാർശ്വഭിത്തികെട്ടൽ നിലവാരമില്ലാത്തതിനാലാണ് ബലക്ഷയമുണ്ടായത്. ഭാരം താങ്ങുന്നതിനുള്ള പില്ലറുകളോ ബീമുകളോ ആവശ്യത്തിനില്ലാത്തത് നിർമാണ ഘട്ടത്തിൽ തന്നെ ജനങ്ങളുടെ ആക്ഷേപത്തിനിടയാക്കിയിരുന്നു. രണ്ട് വർഷം മുമ്പ് നടന്ന പാർക്കിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അശാസ്ത്രീയമായി നിർമിച്ച വെള്ളം ഒഴുകാനുള്ള കലുങ്ക് വെള്ളം കെട്ടിനിൽക്കുന്നതിനും ഇതുവഴി കരിങ്കൽക്കെട്ടിന്റെ തകർച്ചയ്ക്കും കാരണവുമായി. മുൻ കാല ഭരണ നേതൃത്വങ്ങളുടെ തെറ്റായ തീരുമാനങ്ങളും ദീർഘവീക്ഷണമില്ലായ്മയും പാർക്ക് തകർന്നതിന്റെ പ്രധാന കാരണങ്ങളാണെന്ന് ചെയർപേഴ്സൺ ചൂണ്ടിക്കാണിക്കുന്നു.
ആവശ്യത്തിന് കോൺക്രീറ്റോ ഭാരം താങ്ങി നിർത്തുന്ന തിനാവശ്യമായ തരത്തിലുള്ള കമ്പികൾ ഉപയോഗിക്കാത്തതും നിർമാണ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള സംശയങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ പാർക്ക് നിർമാണം സംബന്ധിച്ച മുഴുവൻ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ച് വിശദമായ വിജിലൻസ് അന്വേഷണം നടത്തി മുഴുവൻ വിവരങ്ങളും പുറത്തു കൊണ്ടുവരണമെന്നും പൊതുജനങ്ങൾക്ക് മുമ്പാകെ നിജസ്ഥിതി വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് നഗരസഭാ കൗൺസിൽ തീരുമാനമെടുത്തിരിക്കുന്നത്.
നഗരസഭാ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച ചർച്ചകളിൽ അംഗങ്ങളായ അരുൺ കല്ലറക്കൽ, ജെയ്സൺ പുളിക്കൽ, വൽസല വർഗീസ്, ഉണ്ണി വല്ലയിൽ, ജൂലി സാബു, വി.ടി. പ്രതാപൻ എന്നിവർ പങ്കെടുത്തു. ശക്തമായ കാറ്റിൽ നേരത്തെ തകർന്നു പോയ ക്രമറ്റോറിയത്തിന്റെ പുകക്കുഴലുകൾ മാറ്റുന്ന ജോലികളോടൊപ്പം തന്നെ കാലങ്ങളായി മുടക്കിക്കിടന്നിരുന്ന മുഴുവൻ നവീകരണ പ്രവർത്തനങ്ങളും നടത്തി ക്രമറ്റോറിയം ഉടൻതന്നെ പ്രവർത്തനക്ഷമത മാക്കുന്നതിനും കൗൺസിൽ യോഗം തീരുമാനമെടുത്തിട്ടുണ്ട്.
Tags : NattuVishesham DistrictNews