അടൂർ: ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31)യെയാണ് വീടിനുള്ളിലെ ഹാളിലെ സ്റ്റെയറിന്റെ പിടിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ തിങ്കളാഴ്ച കണ്ടെത്തിയത്.
ഷെഹനയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക മൃതദേഹ പരിശോധനാഫലം. കോട്ടയം മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടന്നത്. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് ഏഴംകുളം സ്വദേശിയായ യുവാവ് പോലീസ് കസ്റ്റഡിയിലുണ്ട്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹന ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു. സംഭവസമയം സുഹൃത്തായിരുന്ന യുവാവ് ഷെഹനയുടെ വീട്ടിലുണ്ടായിരുന്നു.
യുവാവ് സുഹൃത്തുക്കളുമൊത്ത് മൊബൈൽ ഫോണിൽ എടുത്ത ചിത്രത്തെ സംബന്ധിച്ച തർക്കമാണ് ഉണ്ടായതെന്നാണ് പറയുന്നത്. തർക്കത്തിനിടയിൽ ഷെഹന മുറിക്ക് പുറത്തേക്കുപോയി. ഈ സമയം താൻ മുറിക്കുള്ളിൽ ഇരിക്കുമ്പോൾ ഒരു ശബ്ദം കേട്ട് ചെന്നുനോക്കുമ്പോഴാണ് ഷെഹന തൂങ്ങി നിൽക്കുന്നത് കണ്ടതെന്നു യുവാവ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
അടൂർ ഡിവൈഎസ്പി. വി.എസ്. പ്രദീപ്കുമാർ, സിഐ അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മേൽനടപടികൾ സ്വീകരിച്ചത്. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് സംഭവസ്ഥലം സന്ദർശിച്ചു. ഷെഹനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണു ബന്ധുക്കളുടെ വാദം.
Tags : Nattuvishesham LocalNews