ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വളപട്ടണം പുഴയ്ക്കു കുറുകെയുള്ള പാലം പൂർത്തിയാകാത്ത നിലയിൽ.
കണ്ണൂര്‍: കാസർഗോഡ് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള ദേശീയപാത 66ന്റെ നിർമാണം ഉത്തരമലബാറിൽ നടക്കുന്നത് ഒച്ചിഴയുന്ന വേഗതയിൽ മാത്രം. പുഴയക്കു കുറുകെയുള്ള പാലങ്ങളുടെ നിർമാണം,ചതുപ്പ് നിലങ്ങളിലെ മേൽപാല നിർമാണം എന്നിവ സ്തംഭനാവസ്ഥയിലാണ്. അശാസ്ത്രീയ നിര്‍മാണം മൂലം പാത തകര്‍ന്നതിനെത്തുടര്‍ന്ന് പുതിയ രൂപരേഖ തയാറാക്കിയിട്ടുണ്ട്.
ഇതു പ്രകാരം വയഡക്ട് (പില്ലറുകൾ സ്ഥാപിച്ച് പണിയേണ്ട നിർമാണം) രീതിയിൽ പാലങ്ങൾക്കു പുറമേ ചതുപ്പ് നിലങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് പുഴകൾ, കായലുകൾ തുടങ്ങിയ ജലസ്രോതസുകൾ എ കടന്നു പോകുന്നതിനുള്ള പാലങ്ങൾ ,ജംഗ്ഷനുകളിലെ മേൽപാലങ്ങൾ എന്നിവ മാത്രമായിരുന്നു വയഡക്ട് രീതിയിൽ പണിതിരുന്നുള്ളൂ. ചതുപ്പിൽ മണ്ണിട്ട് നികത്തിപാത നിർമിച്ചാലും കാലക്രമേണ തകരുമെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇവിടെയും വയഡക്ട് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ നിര്‍മാണസാമഗ്രികളുടെ ലഭ്യതക്കുറവ്, കാലാവസ്ഥാപ്രശ്നങ്ങള്‍, കരാറുകാരുടെ അനാസ്ഥ തുടങ്ങിയവയെല്ലാം പണിയെ ബാധിക്കുന്നുണ്ട്. ഈ വർഷം മാർച്ചോടെ യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ആറുവരി പാത പൂർത്തിയാകാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.
ദേശീയപാത പൂര്‍ത്തിയാകാന്‍ ബാക്കിയുള്ള 17 റീച്ചുകളില്‍ തലപ്പാടി-ചെങ്കള (39 കിലോമീറ്റര്‍) മാത്രമാണ് ഇതിനകം ഔദ്യോഗികമായി കൈമാറിയത്. വെങ്ങളം-രാമനാട്ടുകര, രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് ഉള്‍പ്പെടെ ആറു റീച്ചുകള്‍ 94മുതല്‍ 99 ശതമാനത്തിൽ നിര്‍മാണ പ്രവൃത്തി എത്തിയിട്ടുണ്ട്. ചെങ്കള-നീലേശ്വരം തുടങ്ങി 10 റീച്ചുകളുടെ പ്രവൃത്തി 70മുതല്‍ 89 ശതമാനം പിന്നിട്ടെങ്കിലും പാതയുടെ മുഴുവന്‍ കൈമാറ്റവും ഈവര്‍ഷം നടക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
പല റീച്ചുകളിലും നിർമാണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ചും വലിയ പരാതികൾ ഉയരുന്നുണ്ട്. മണ്ണിടിച്ചിലാണ് മറ്റൊരു പ്രധാന പ്രശ്നം.
കണ്ണൂര്‍ എളയാവൂര് സൗത്തിൽ ദിവസം നിര്‍മാണത്തിലുള്ള ദേശീയപാതയുടെ 16 മീറ്ററോളം ഉയരത്തിലുള്ള സംരക്ഷണഭിത്തി ഇടിഞ്ഞിരുന്നു. 2023ലും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ മുക്കാളിയിൽ കുന്നിടിച്ചിൽ തടയാൻ സോയിൽ നെയിലിംഗ് സംവിധാനം നടപ്പാക്കിയെങ്കിലും സോയിൽ നെയിലിംഗ് ഉൾപ്പെടെയുള്ളവ തകർന്നു വീഴുകയാണ്.
Tags : Nattuvishesham DistrictNews