സ്കൂള്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായി എന്‍ഡിആര്‍എഫ് സംഘം വെച്ചൂച്ചിറ നവോദയ വിദ്യാലയത്തില്‍ കുട്ടികള്‍ക്കു പരിശീലനം നല്കുന്നു.
വെച്ചൂച്ചിറ: ദേശീയ ദുരന്ത പ്രതികരണ സേനയുടെ ( എന്‍ഡിആര്‍എഫ്) സ്കൂള്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ അടിയന്തര ദുരന്തനിവാരണ, രക്ഷാപ്രവര്‍ത്തന പരിശീലനം സംഘടിപ്പിച്ചു.
അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവര്‍ത്തനം ( എമര്‍ജന്‍സി റെസ്ക്യൂ), ബേസിക് ലൈഫ് സപ്പോര്‍ട്ട് എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. ദുരന്തമുഖങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകൾ, പ്രഥമശുശ്രൂഷകള്‍, പരിക്കേറ്റവരെ സുരക്ഷിതമായി മാറ്റുന്നതിനുള്ള രീതികള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പരിചയപ്പെടുത്തി.
533 വിദ്യാര്‍ഥികളും 27 അധ്യാപകരും ജീവനക്കാരും പരിശീലനത്തില്‍ പങ്കെടുത്തു.
എന്‍ഡിആര്‍എഫ് ടീം കമാന്‍ഡര്‍ ഇന്‍സ്പെക്ടര്‍ എസ്.പി. യാദവ് നേതൃത്വത്തില്‍ ഇന്സ്ട്രക്ടര്മാരടങ്ങുന്ന എട്ടംഗ സംഘമാണ് പരിശീലനം നയിച്ചത്.