കുളത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കാര്‍ഷിക ക്ലബ് അംഗങ്ങള്‍ നെല്ലിക്കോണം പാടത്ത് ഞാറുനടാനെത്തിയപ്പോള്.
നെയ്യാറ്റിന്‍കര : പാടത്തിറങ്ങിയ കൂട്ടുകാര്‍ കണക്കു തെറ്റിക്കാതെ ഞാറുകള്‍ നട്ടു. പരിചയസന്പന്നരായ കര്‍ഷകര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. പാഠപുസ്തകങ്ങളിലെ വിജ്ഞാനത്തിനപ്പുറം പ്രകൃതിയെ തിരിച്ചറിയാന്‍ പുതുതലമുറയ്ക്ക് സാധ്യമാകണം എന്ന് ആഗ്രഹിക്കുന്ന അധ്യാപികയും അവര്‍ക്കൊപ്പം. കുട്ടിക്കര്‍ഷകരുടെ ആത്മാര്‍ഥതയും മണ്ണിനോടും കൃഷിയോടുമുള്ള അവരുടെ ഹൃദയാഭിമുഖ്യവും നെല്ലിക്കോണം പാടത്തും ചുറ്റുവട്ടത്തും ആഹ്ളാദാന്തരീക്ഷം സമ്മാനിച്ചു.
കുളത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കാര്‍ഷിക ക്ലബിലെ അംഗങ്ങളാണ് നെല്ലിക്കോണം പാടശേഖരത്ത് ഞാറു നടാനെത്തിയത്. ഞാറുകള്‍ നട്ടും പറിച്ചും അവർ ആ നിമിഷങ്ങളെ ഉത്സവമാക്കി മാറ്റി. വിദ്യാര്‍ഥികളുടെ കാര്‍ഷിക താത്പര്യത്തെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന ഗണിതാധ്യാപിക മിനിയുടെ നേതൃത്വത്തിലാണ് കാര്‍ഷിക ക്ലബ് അംഗങ്ങള്‍ നെല്ലിക്കോണം പാടത്തെത്തിയത്. കാരോട് സ്വദേശിനിയായ മിനിയും കാര്‍ഷിക ക്ലബ് അംഗങ്ങളും സ്കൂളില്‍ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. അവധിക്കാലത്തും സ്കൂളിലെ കൃഷി പരിപാലിക്കാന്‍ അധ്യാപികയും വിദ്യാര്‍ഥികളും ശ്രദ്ധിച്ചുവെന്നതും അഭിമാനാര്‍ഹമായ വസ്തുതയാണ്.
നെല്ലിക്കോണം പാടത്ത് ഈ വിദ്യാര്‍ഥികളുടെ കാര്ഷികാഭിരുചി ബോധ്യപ്പെട്ട പാടശേഖര സമിതി സെക്രട്ടറി ഒരേക്കര്‍ നെല്‍കൃഷിക്കായി വിട്ടു നല്കി. വിദ്യാര്‍ഥികള്‍ക്ക് കൃഷി ചെയ്യാനുള്ള എല്ലാവിധ സഹായസഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മാത്രമല്ല, ഈ കൃഷിസ്ഥലത്തെ വിളവും വിദ്യാര്‍ഥികള്‍ക്ക് തന്നെ നല്‍കുമെന്നും കേശവന്നായര് അറിയിച്ചു. വിദ്യാര്‍ഥികളുടെ നെല്ലിക്കോണം പാടത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് കുളത്തൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പ്രോത്സാഹനവുമുണ്ട്.