പൊന്നാനി തീരദേശ മേഖല
പൊന്നാനി: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പൊന്നാനിക്ക് പുതുപ്രതീക്ഷ. ചരിത്രം ഉറങ്ങുന്ന പൊന്നാനിയില്‍ മലബാര്‍ -തിണ്ടീസ് കള്‍ച്ചറല്‍ ബിനാലെക്ക് തുടക്കം കുറിക്കുമെന്ന പ്രഖ്യാപനമാണ് ഇതില്‍ പ്രധാനം. പൊന്നാനിയുടെ സാംസ്കാരിക പൈതൃകത്തിന് അടിത്തറ പാകുന്ന ഏറ്റവും വലിയ അംഗീകാരം കൂടിയാണ് പുതിയ വാഗ്ദാനം.
കേരളത്തിലെ തുറമുഖങ്ങള്‍ സമുദ്ര സമ്പന്നത വീണ്ടെടുക്കുന്ന സംസ്ഥാന ബജറ്റിലാണ് മലബാര്‍ തിണ്ടീസ് കള്‍ച്ചറല്‍ ബിനാലെ പൊന്നാനിയില്‍ പ്രഖ്യാപിച്ചത്.
ഇതോടെ കൊച്ചിയില്‍ മാത്രമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ട്ട് എക്സ്ബിഷന് ഇനി പൊന്നാനിയിലും പുതുച രിത്രമെഴുതും. എഴുത്തച്ഛനും സാമൂതിരിയും കുഞ്ഞാലി മരക്കാരും മഖ്ദൂമും, ഉമര്‍ ഖാസിയും വലിയ പള്ളിയും, കണ്ടകുറുമ്പക്കാവും,കനോലിക്കനാലും പൊന്നാനി ലിപിയും അറബി മലയാളവും പൊന്നാനി കളരിയും തുടങ്ങി നാടിന്റെ പോയ കാലത്തെ വീണ്ടെടുക്കുന്നതാണ് ബജറ്റിലെ പ്രഖ്യാപനമെന്നാണ് പൊന്നാനിയുടെ സാക്ഷ്യപ്പെടുത്തല്‍.
ലോകസഞ്ചാരികളെ മലബാറിലേക്ക് ആകര്‍ഷിക്കുന്ന ഏറ്റവും വലിയ പദ്ധിക്ക് മലബാറിലേക്കുള്ള പ്രവേശന കവാടം കൂടിയായ പൊന്നാനിയില്‍ തുടക്കമാവുമ്പോള്‍ വരും കാലങ്ങളില്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ തലഉയര്‍ത്തി നില്ക്കുന്ന ചരിത്രത്തിന്റെ നാഴികല്ലായി മലബാര്‍ മാറുമെന്നാണ് പ്രതീക്ഷ.
പൊന്നാനിയുടെ തീരദേശമേഖലയില്‍ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായ കടല്‍ഭിത്തി നിര്‍മാണത്തിനാണ് ഭരണസമിതിയുടെ അംഗീകാരം ലഭിച്ചത്. കാപ്പിരിക്കാട് മുതല്‍ അഴീക്കല്‍ വരെയുള്ള എട്ട് കിലോമീറ്റര്‍ ഭാഗമാണ് ചെല്ലാനം മോഡല്‍ മാതൃകയില്‍ കടല്‍ഭിത്തി നിര്‍മിക്കുന്നത്.നബാഡില്‍നിന്ന് വായ്പയെടുത്താണ് സമഗ്രമായ പദ്ധതി പൂര്‍ത്തിയാക്കുക,പ്രാരംഭ നടപടികള്‍ക്കായി മൂന്ന് കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ലോകഭൂപടത്തില്‍ പൊന്നാനിയെ അടയാളപ്പെടുത്തും: എംഎല്‍എ
വിശാലമായ കാഴ്ചപ്പാടുള്ള ഒരു ജനകീയ സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമുള്ള പദ്ധതികളാണ് ബജറ്റില്‍ കാണാന്‍ കഴിഞ്ഞതെന്ന് പൊന്നാനി എംഎല്‍എ കെ.പി. നൗഷാദലി. പൊന്നാനിയുടെ ചരിത്ര പ്രാധാന്യങ്ങള്‍ തിരിച്ചറിഞ്ഞാണ് സമഗ്രവികസനം സ്വപ്നംകാണുന്നതെന്നും പ്രദേശത്തെ തീരദേശവാസികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുന്നതിനൊപ്പം പൊന്നാനിയില്‍ വികസന എത്തിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചുവട് വെപ്പാണ് ബജറ്റ് പ്രഖ്യാപനമെന്നും ബിനാലെ പൊന്നാനിയില്‍ എത്തുന്നതോടെ പൊന്നാനിയില്‍ വലിയ മാറ്റങ്ങള്‍ക്കും വികസനങ്ങള്‍ക്കും സാക്ഷ്യം വഹിക്കുമെന്നും എംഎല്‍എ പറഞ്ഞു.
Tags : Local News Nattuvishesham Malappuram