തിരുവല്ല എസ്സിഎസ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പ്
തിരുവല്ല: ടൗണിലെ പ്രധാന സിരാ കേന്ദ്രങ്ങളിലൊന്നായ എസ്സിഎസ് ജംഗ്ഷനു സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്ന് മല്ലപ്പള്ളി, മാവേലിക്കര ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ക്കായി യാത്രക്കാര്‍ കാത്തുനില്ക്കുന്ന പ്രധാന ഇടമാണിത്. എന്നാല്‍ ഇവിടെ യാത്രക്കാര്‍ക്ക് കാത്തുനില്ക്കാന് സൗകര്യമില്ലാത്തത് വലിയ ദുരിതമാണ്.
ബസ് എത്തുന്നതുവരെ റോഡരികില്‍ വെയിലും മഴയും ഏറ്റുവാങ്ങിയാണ് യാത്രക്കാര്‍ കാത്തുനില്‍ക്കുന്നത്. സ്ത്രീകള്‍, കുട്ടികള്‍, വയോധികർ, രോഗികള്‍ എന്നിവരുള്‍പ്പെടെയുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. തിരക്കേറിയ ടൗണ്‍ മേഖലയായതിനാല്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ ബസ് കാത്തുനില്‍ക്കേണ്ട സാഹചര്യവും അപകടസാധ്യത ഉയര്‍ത്തുന്നതായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
മാസങ്ങള്‍ക്കുമുമ്പ് ഇവിടെ ഉണ്ടായിരുന്ന തണല്‍മരം മുറിച്ചുമാറ്റിയതോടെയാണ് യാത്രക്കാരുടെ ദുരിതം കൂടുതല്‍ രൂക്ഷമായത്. നേരത്തേ മരത്തിന്റെ തണലില്‍ കാത്തുനില്ക്കാന് കഴിഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അതിനും സൗകര്യമില്ല. ശക്തമായ വെയിലില്‍ ഏറെ നേരം നില്‍ക്കേണ്ടിവരുന്നു. മഴക്കാലത്ത് നനഞ്ഞുകൊണ്ട് ബസ് കാത്തുനില്‍ക്കേണ്ട സ്ഥിതിയുമാണ്.
തിരുവല്ല നഗരത്തിലെ പ്രധാന ബസ് യാത്രാ മേഖലയായ എസ്സിഎസ് ജംഗ്ഷനു സമീപം അടിയന്തരമായി സുരക്ഷിതമായ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നഗരസഭയും ബന്ധപ്പെട്ട അധികൃതരും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Tags : NattuVishasham DistrictNews