തൊടുപുഴ: ജില്ലയില്‍ കാര്‍ഷിക മേഖല ഈ വര്‍ഷവും നേരിട്ടത് കോടികളുടെ വിളനാശം. കാലാവസ്ഥാ വ്യതിയാനവും കാട്ടുമൃഗങ്ങളുടെ ആക്രമണവും മൂലം ഈ വര്‍ഷവും വലിയ തോതില്‍ കാര്‍ഷികവിളകള്‍ക്ക് നാശം സംഭവിച്ചു. കാലവര്‍ഷം ശക്തമാകാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് അല്പം ആശ്വാസമുണ്ടെങ്കിലും ഇതിനോടകംതന്നെ ലക്ഷങ്ങളുടെ വിളനഷ്ടം വിവിധ കാരണങ്ങളാല്‍ ജില്ലയിലുണ്ടായി. വരള്‍ച്ച, വേനല്‍മഴയുടെ കുറവ്, ശക്തമായ കാറ്റും മഴയും, വന്യമൃഗ ആക്രമണം തുടങ്ങി വിവിധ കാരണങ്ങളാണ് വ്യാപകമായ വിളനാശത്തിനിടയാക്കിയത്.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസക്കാലയളവില്‍ 3.23 കോടി രൂപയുടെ വിളനാശമാണ് ജില്ലയില്‍ ഉണ്ടായത്. 1297 കര്‍ഷകര്‍ക്കാണ് വലിയ തോതില്‍ നഷ്ടം നേരിട്ടത്. 110.85 ഹെക്ടര്‍ സ്ഥലത്ത് വിളനാശം ഉണ്ടായതായാണ് കൃഷിവകുപ്പിന്റെ ഇതുവരെയുള്ള കണക്ക്. ദേവികുളം, അടിമാലി ബ്ലോക്കുകളിലാണ് കൂടുതല്‍ കൃഷിനാശമുണ്ടായത്. ദേവികുളത്ത് 187 കര്‍ഷകര്‍ക്കായി 98.28 ലക്ഷത്തിന്റെയും അടിമാലിയില്‍ 475 കര്‍ഷകര്‍ക്കായി 73.06 ലക്ഷത്തിന്റെയും കൃഷിനാശം നേരിട്ടു. പീരുമേട്ടിലാണ് കുറവ് കൃഷിനാശമുണ്ടായത്. ഇവിടെ 27 കര്‍ഷകര്‍ക്കായി 3.31 ലക്ഷം രൂപയുടെ നഷ്ടം മാത്രമാണ് ഉണ്ടായത്. ഇടുക്കി 115 - 39.73, നെടുങ്കണ്ടം 10 - 5.86, തൊടുപുഴ 134 - 21.79, കട്ടപ്പന 113 - 24.95, ഇളംദേശം 236 - 56.39 എന്നിങ്ങനെയാണ് മറ്റ് ബ്ലോക്കുകളില്‍ കെടുതി നേരിട്ട കര്‍ഷകരുടെ എണ്ണവും നഷ്ടത്തിന്റെ തോതും.
വിളകളില്‍ ഏലം, വാഴ, റബര്‍, കുരുമുളക്, ജാതി, കാപ്പി എന്നിവയാണ് കൂടുതല്‍ നശിച്ചത്. 26,85,638 കായ്ക്കുന്ന കുരുമുളക് ചെടികള്‍ നശിച്ചതായാണ് കണക്ക്. 4,32,561 കായ്ക്കാത്ത ചെടികളും നശിച്ചിട്ടുണ്ട്. കുലച്ച വാഴകള്‍ 28,30,902 എണ്ണവും കുലയ്ക്കാത്ത വാഴകള്‍ 11,84,947 എണ്ണവും നശിച്ചു. 93 ഹെക്ടര്‍ സ്ഥലത്തെ ഏലച്ചെടികളാണ് വരള്‍ച്ചയും കാറ്റും മഴയും മൂലം നശിച്ചത്. ടാപ്പ് ചെയ്യുന്ന റബര്‍മരങ്ങള്‍ 66,690 എണ്ണവും ടാപ്പു ചെയ്യാത്ത 12,207 മരങ്ങളും കനത്ത മഴയത്ത് ഒടിഞ്ഞുവീണ് കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടു. 49 ഹെക്ടറിലാണ് മരച്ചീനി കൃഷി നശിച്ചത്. പയറും പാവലും പടവലവും ഉള്‍പ്പെടെ 417 ഹെക്ടറിലെ പന്തല്‍ പച്ചക്കറിയും മറ്റു പച്ചക്കറികള്‍ 311 ഹെക്ടറിലും നാമാവശേഷമായി. 8.94 ഹെക്ടറിലെ ഇഞ്ചികൃഷി, 5.14 ഹെക്ടറില്‍ മഞ്ഞള്‍, 1,15,250 കൊക്കോച്ചെടി, 1,75,307 കാപ്പിച്ചെടികള്‍, 11,635 കമുക്, 2,374 ഗ്രാമ്പു, 51,448 ജാതി എന്നിവയും നശിച്ച വിളകളുടെ കണക്കില്‍പ്പെടുന്നു.
ഈ വര്‍ഷം കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് കൂടുതലും വിളകളെ പ്രതികൂലമായി ബാധിച്ചത്. ആവശ്യമായ സമയത്ത് മഴ ലഭിക്കാത്തതിനാല്‍ പല മേഖലകളിലും വിളകള്‍ കരിഞ്ഞു തുടങ്ങിയിരുന്നു. ഏലം മേഖലയെയാണ് വരള്‍ച്ച സാരമായി ബാധിച്ചത്. ആവശ്യത്തിന് വേനല്‍ മഴ ലഭിക്കാതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചു. ജലസേചനം കുറഞ്ഞതോടെ ഓണംവിപണിക്കായി കൃഷി ചെയ്തിരുന്ന വാഴകളും മറ്റും നശിക്കുന്ന സാഹചര്യമുണ്ടായി. വിളനാശത്തിന്റെ നഷ്ടക്കണക്കുകള്‍ കൃഷിവകുപ്പ് ഫീല്‍ഡ് സന്ദര്‍ശനം നടത്തി ശേഖരിച്ചിട്ടുണ്ട്. അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Tags : Nattuvishesham District News