വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡം.
ചിറ്റാർ: കാടിനോടു ചേർന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന സാധാരണക്കാർ നേരിടുന്ന വന്യമൃഗ സംഘർഷത്തിന്റെ കണക്കുകളിൽ വളർത്തുമൃഗങ്ങൾക്കുണ്ടാകുന്ന നഷ്ടം ശ്രദ്ധിക്കപ്പെടുന്നില്ല.
റാന്നി, കോന്നി വനം ഡിവിഷനുകളുടെ വനാതിർത്തികളിലും പെരിയാർ കടുവാ സങ്കേതത്തോടു ചേർന്ന പ്രദേശങ്ങളിലുമുള്ള നിരവധി കുടുംബങ്ങളുടെ പ്രധാന ഉപജീവനമാർഗമാണ് പശു, ആട് വളർത്തൽ. പാൽ ഉത്പാദനത്തിലൂടെ നിത്യവൃത്തി കഴിച്ചുപോന്ന കുടുംബങ്ങൾ ഇന്ന് പട്ടിണിയിലാണ്. എന്നാൽ കന്നുകാലികളെ മേയാൻ വിടുന്നതും തൊഴുത്തുകളിൽ കെട്ടിയിടുന്നതും അപകടസാധ്യതയുള്ളതായി മാറുന്നു.
കടുവ, പുലി, കാട്ടുനായ തുടങ്ങി മൃഗങ്ങളെ വേട്ടയാടുന്ന വന്യമൃഗങ്ങളാണ് കന്നുകാലികൾക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. മേയാൻ വിട്ട കന്നുകാലികളെ വന്യമൃഗങ്ങൾ പിടികൂടുന്നതിനു പുറമേ, രാത്രിയിൽ വീടിനോടു ചേർന്ന തൊഴുത്തുകളിൽ കെട്ടിയിരിക്കുന്ന പശുക്കളെയും ആടുകളെയും ആക്രമിക്കുന്ന സംഭവങ്ങളുമുണ്ട്. പലപ്പോഴും കന്നുകാലിയെ വലിച്ചുകൊണ്ടുപോയ ശേഷം ജഡം പോലും കണ്ടെത്താനാകാത്ത സ്ഥിതിയുണ്ട്.
ജഡം കണ്ടെത്തിയില്ലെങ്കിൽ ആക്രമണം വന്യമൃഗം നടത്തിയതാണെന്ന് തെളിയിക്കാനും ബുദ്ധിമുട്ടാണ്. ഇതോടെ നഷ്ടപ്പെട്ട കന്നുകാലിയുടെ വില മാത്രമല്ല, അതിൽനിന്ന് ലഭിക്കേണ്ട നഷ്ടപരിഹാരവും കർഷകന് അനിശ്ചിതത്വത്തിലാകുന്നു.
ഗവി നിവാസികൾക്ക്
ജീവനോപാധി നഷ്ടമായി
ഗവിയിലെ ക്ഷീരകർഷകർ നേരിട്ട ദുരിതം ഈ പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാക്കുന്നു. 2021ൽ ഒരു ക്ഷീരകർഷകയുടെ ആറ് കറവപ്പശുക്കളെയും വന്യമൃഗങ്ങൾ പിടികൂടിയതോടെ ക്ഷീരകൃഷി തന്നെ ഉപേക്ഷിക്കേണ്ടിവന്നു . ഒരുകാലത്ത് 40-ലധികം കുടുംബങ്ങൾ ക്ഷീരകൃഷിയിൽ ഏർപ്പെട്ടിരുന്ന ഗവി മേഖലയിൽ ഇന്നിപ്പോൾ മൂന്നോ നാലോ കുടുംബങ്ങളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഒരു പശുവിനെ നഷ്ടപ്പെടുന്നത് ഒരു കർഷകന്റെ കണക്കിൽ ഒരു മൃഗത്തിന്റെ നഷ്ടമല്ല. ദിവസേന ലഭിക്കുന്ന പാൽ, അതിലൂടെ കിട്ടുന്ന വരുമാനം, കുട്ടികളുടെ ഭക്ഷണം, ഇതേവരെയുള്ള അധ്വാനത്തിന്റെ ഫലം എന്നിവയെല്ലാമാണ് നഷ്ടപ്പെടുന്നത്.
വനാതിർത്തി വീടുകളിലെ കോഴി, താറാവ്, ആട്, വളർത്തുനായ എന്നിവയും വന്യമൃഗങ്ങളുടെ ഇരയാകുന്നു. അടുത്തിടെ അടച്ചാക്കൽ മേഖലയിൽ നരികൾ കൂട്ടിൽ കയറി കോഴികളെ ആക്രമിച്ച സംഭവമുണ്ടായി. കോഴികളെ കൊന്നശേഷം വിരലുകളും കാലുകളും ഭക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവവും നാട്ടുകാരിൽ ആശങ്കയുണ്ടാക്കി. പ്രദേശവാസിയായ കർഷകയുടെ 20ലധികം കോഴികൾക്ക് വിരലുകളോ കാലോ നഷ്ടപ്പെട്ട സംഭവമുണ്ടായി. കുടിനു പുറത്തേക്ക് ഇറങ്ങിനിന്ന വിരലുകളും കാലും നരികൾ കടിച്ചെടുത്തു.
വളർത്തുനായ്ക്കൾക്കും വന്യമൃഗങ്ങളിൽനിന്ന് രക്ഷയില്ല. ഒരുവർഷം മുന്പ് വളർത്തുനായയെ ഓടിച്ചു പുലി വീടിനുള്ളിൽ കയറിയ സംഭവവും കോന്നി വനാതിർത്തിയിലുണ്ടായി.
നഷ്ടപരിഹാരത്തിന്
തെളിവ് നിർണായകം
വന്യമൃഗ ആക്രമണം മൂലമുള്ള കന്നുകാലിനഷ്ടത്തിന് നഷ്ടപരിഹാരം നൽകുന്ന സേവനം കേരള വനംവകുപ്പിന്റെ ഔദ്യോഗിക സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വന്യമൃഗത്തിന്റെ ആക്രമണമാണെന്ന് തെളിയിക്കുന്നതിനുള്ള സാഹചര്യം പലപ്പോഴും കർഷകന് അനുകൂലമാകാറില്ല. ജഡം കണ്ടെത്താത്തത്, ആക്രമണത്തിന്റെ വ്യക്തമായ തെളിവുകൾ ഇല്ലാത്തത് തുടങ്ങിയ കാരണങ്ങൾ നഷ്ടപരിഹാര നടപടികളെ സങ്കീർണമാക്കുന്നു.
2026 മേയ് ആറു വരെയുള്ള കേരള സർക്കാരിന്റെ ഇ-സേവന ഡാഷ്ബോർഡ് പ്രകാരം സംസ്ഥാനത്ത് വന്യമൃഗ ആക്രമണം മൂലമുള്ള കന്നുകാലി നഷ്ടപരിഹാരത്തിന് 5,072 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; ഇതിൽ 4,686 അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ട്. ഇത് സംസ്ഥാനതല കണക്കാണ്. വന്യമൃഗ ആക്രമണത്തിൽ മലമുണ്ടാകുന്ന നഷ്ടത്തിന്റെ പരിശോധനയും ആവശ്യമായ തെളിവുകളും നടപടിക്രമങ്ങളും കർഷകർക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടാണ്.
വന്യമൃഗ ആക്രമണത്തിൽ പശുവിനെ നഷ്ടപ്പെടുന്ന ക്ഷീരകർഷകനെ സഹായിക്കാൻ സ്വന്തം വകുപ്പും എത്താറില്ല. ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പുകൾ ക്ഷീരോത്പാദനത്തിനും മൃഗസംരക്ഷണത്തിനുമായി വിവിധ സേവനങ്ങളും നൽകുന്നുണ്ടെങ്കിലും വന്യമൃഗ ആക്രമണം മൂലമുള്ള കന്നുകാലി നഷ്ടത്തിന് പ്രത്യേക നഷ്ടപരിഹാര സംവിധാനം വനംവകുപ്പിന്റെ കീഴിലാണ്. പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ വകുപ്പിന് റാന്നിയിൽ പ്രത്യേക ഓഫീസുകളും വെറ്ററിനറി സംവിധാനങ്ങളും നിലവിലുണ്ട്.
അതുകൊണ്ട് വന്യമൃഗ ആക്രമണത്തിൽ കന്നുകാലിയെ നഷ്ടപ്പെട്ട കർഷകന് വനംവകുപ്പിന്റെ തെളിവ് അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാര നടപടിയും ക്ഷീരകർഷകന്റെ ഉപജീവന നഷ്ടം പരിഗണിക്കുന്ന പ്രത്യേക സംവിധാനവും തമ്മിലുള്ള വിടവ് വലിയ പ്രശ്നമായി തുടരുന്നു.
ഒരു പശുവിനെ നഷ്ടപ്പെട്ടാൽ അടുത്ത ദിവസംതന്നെ മറ്റൊന്ന് വാങ്ങാൻ കഴിയുന്നവരല്ല ഈ പ്രദേശങ്ങളിലെ ചെറുകിട കർഷകർ. വർഷങ്ങളെടുത്താണ് പലരും ഒരു ചെറിയ കന്നുകാലി കൂട്ടം ഉണ്ടാക്കുന്നത്. ഒരു രാത്രിയിലെ ആക്രമണം ആ കുടുംബത്തിന്റെ മാസങ്ങളുടെയും ചിലപ്പോൾ വർഷങ്ങളുടെയും വരുമാനം ഇല്ലാതാക്കുന്നു.
(പരന്പര അവസാനിച്ചു)
Tags : Nattuvishesham Districtnews Deepikanews without proof.