പ്രതീകാത്മക ചിത്രം
ആലപ്പുഴ: മുല്ലയ്ക്കൽ സീറോ ജംഗ്ഷൻ മുതൽ കൈചൂണ്ടി ജംഗഷൻ വരെയുള്ള സംസ്ഥാന പാതയിൽ വഴിയോരക്കച്ചവടക്കാരേ പുനരധിവസിപ്പിക്കാനുള്ള മുനിസിപ്പൽ അധാകൃതരുടെ നിലപാടിനെതിരേ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ ഇന്നലെ ചേർന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ടൗൺ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.
വർഷങ്ങളായി വ്യാപാര പൈതൃകം നിലനിർത്തുന്നതും വൻതുക കെട്ടിട വാടക നൽകി വ്യാപാരം ചെയ്യുന്ന വ്യാപാരികളെയും ദിനംപ്രതി ഭക്തജനങ്ങൾ ദർശനത്തിന് എത്തുന്ന മുല്ലക്കൽ ദേവി ക്ഷേത്രം, മുല്ലക്കൽ ഗണപതി ക്ഷേത്രം, ശെൽവി വി നായക ക്ഷേത്രം, എന്നിവ സ്ഥിതി ചെയ്യുന്ന മുല്ലക്കൽ റോഡ് ഉൾപ്പടെ വഴിവാണിഭക്കാർക്ക് പതിച്ചുനൽകിയാൽ അതുവഴിയുള്ള ഗതാഗതത്തിനും പരിസരത്ത് സ്ഥിതി ചെയ്യുന്ന സ്കൂളുകളിലെ വിദ്യാർഥികൾ ഉൾപ്പടെയുള്ള കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
\മാത്രമല്ല സംസ്ഥാന പാതയായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഈ റോഡിൽ വഴിയോര വാണിഭം അനുവദിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല. കേവലം ഏഴ് മീറ്ററിൽ താഴെ മാത്രം വീതിയുള്ള ഈ പാതയിൽ ഓട്ടോറിക്ഷ സ്റ്റാൻഡ് മുതൽ വ്യാപാര സ്ഥാപനങ്ങളിൽ വരുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾ വരെ പാർക്ക് ചെയ്യാൻ പോലും സ്ഥലപരിമിതി മൂലം കഴിയുന്നില്ല. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് മുനിസിപ്പൽ അധികതരുടെ അപക്വമായ ഈ തീരുമാനത്തിനെതിരേ ശക്തമായ നടപടികളുമായ് മുന്നോട്ടു പോകാനും ഒമ്പതിന് നഗരസഭാ കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും തീരുമാനമായി.
മാർച്ച് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി വി. സബിൽരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. മുഹമ്മദ്, ജില്ലാ ട്രഷറർ ജേക്കബ് ജോൺ, ജില്ലാ വൈസ് പ്രസിഡന്റ് ആർ. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : protest march NattuVishasham DistrictNews