തൊടുപുഴ: തൊടുപുഴയില്‍നിന്നു കോയമ്പത്തൂര്‍ വഴി ബംഗളൂരുവിലേക്കു പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ് സര്‍വീസ് ആരംഭിക്കുമെന്നു ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് അറിയിച്ചു . ബസ് സര്‍വീസിന്റെ ഫ്ളാഗ് ഓഫ് നാളെ മൂന്നിന് കെഎസ്ആര്‍ടിസി ബസ് ഡിപ്പോയില്‍ ചീഫ് വിപ്പ് നിര്‍വഹിക്കും. തൊടുപുഴയില്‍നിന്നു ബംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കും പഠനത്തിനും ജോലിക്കും മറ്റാവശ്യങ്ങള്‍ക്കുമായി പോകുന്നവര്‍ക്ക് വളരെ ഉപകാരപ്രദമാകും സര്‍വീസ്. കഴിഞ്ഞ കുറെ കാലങ്ങളായി വിവിധ വിഭാഗങ്ങളില്‍നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ചീഫ് വിപ്പ് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിട്ടി മെംബര്‍ കെ. സുരേഷ് ബാബു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി സി.പി. ജോണാണ് ബസ് അനുവദിച്ചത്.
ആരംഭത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് നടത്തുന്നത്. ഞായറാഴ്ചകളില്‍ വൈകുന്നേരം 4.45ന് തൊടുപുഴയില്‍നിന്നു പുറപ്പെട്ട് പുലര്‍ച്ചെ നാലിന് ബംഗളൂരുവില്‍ എത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.45ന് ബംഗളൂരുവില്‍നിന്നു പുറപ്പെട്ട് രാത്രി രണ്ടിന് തൊടുപുഴയില്‍ എത്തും. വ്യാഴാഴ്ചകളില്‍ വൈകുന്നേരം 4.45ന് തൊടുപുഴയില്‍നിന്നു പുറപ്പെട്ട് പുലര്‍ച്ചെ നാലിന് ബംഗ്ലൂരുവില്‍ എത്തും. വെള്ളിയാഴ്ച രാത്രി 8.45നു ബംഗളൂരില്നിന്നു പുറപ്പെട്ട് പിറ്റേന്ന് ഏഴിന് തൊടുപുഴയില്‍ എത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
828 രൂപയാണ് ടിക്കറ്റ് നിരക്ക്. നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍, വൈസ് ചെയര്മാന് കെ. ദീപക്, എസ്ടിഎ മെംബര്‍ കെ. സുരേഷ് ബാബു, തൊടുപുഴ ഏടിഒ എം.ജി. രാജീവ് എന്നിവര്‍ പ്രസംഗിക്കും.
Tags : Nattuvishesham Districtnews Deepikanews KSRTC service