പ്രതീകാത്മക ചിത്രം
ആലപ്പുഴ: കൈചൂണ്ടിമുക്കിൽ മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ മോഷണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചു. ബൈക്ക് ഉടമ മണ്ണഞ്ചേരി അമ്പനാകുളങ്ങര എച്ചിക്കുഴി കായിച്ചിറ കെ.ബി. പ്രമോദിന്റെ വീടിനു സമീപത്തെ ദൃശ്യങ്ങളാണ് പൊലിസ് പരിശോധിച്ചത്.
ദൃശ്യങ്ങളിൽ മൂന്നു യുവാക്കൾ ഒരു സ്കൂട്ടറിൽ പ്രമോദിന്റെ വീട്ടിലേക്ക് എത്തുന്നതായി കാണാം. ഇതിൽ ഒരാൾ വീട്ടുമതിൽ ചാടികടന്ന ശേഷം മറ്റു രണ്ടുപേർ സ്കൂട്ടറിൽ മടങ്ങി. അൽപസമയത്തിനു ശേഷം അകത്തുകയറിയ യുവാവ് ബൈക്കുമായി പുറത്തേക്കു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, അപകടത്തിൽപ്പെട്ട യുവാക്കൾ തന്നെയാണ് ഇവരെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് മണ്ണഞ്ചേരി എസ്എച്ച്ഒ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ലാത്തതാണ് കാരണം.
ബുധൻ രാത്രി 12.30 ഓടെയാണ് ബൈക്ക് മോഷ്ടിച്ചതെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. എന്നാൽ, അപകടം നടന്നത് വ്യാഴം പുലർച്ചെ 3.21-നാണ്. ഈ മൂന്ന് മണിക്കൂറോളം നീണ്ട ഇടവേളയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. കൈചൂണ്ടിമുക്കിലെയും സമീപപ്രദേശങ്ങളിലെയും മറ്റ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും യുവാക്കളെ കണ്ടെത്താനായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.
മോഷണത്തിനുശേഷം മൂന്നുപേരും രണ്ടു സംഘങ്ങളായി പിരിഞ്ഞെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ഇവർ പിന്നീട് എവിടെവച്ച് ഒന്നിച്ചെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. മോഷണത്തിനും അപകടത്തിനുമിടയിൽ ഇവരെ മറ്റെവിടെയെങ്കിലും കണ്ടവരുണ്ടോയെന്നും പരിശോധിക്കും.
മണ്ണഞ്ചേരി സബീൽ മൻസിൽ കണ്ടത്തിൽ സുധീറിന്റെ മകൻ സബീൽ (17), കുപ്പേഴം പടിഞ്ഞാറേ വീട്ടിൽ അബ്ദുൾ റഷീദിന്റെ മകൻ റിൻഷാദ് (20) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
കുന്നപ്പള്ളി മോഴുപുറത്ത് ഷാനവാസിന്റെ മകൻ ഷിജാസ് (19) ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. യുവാവിന് ബോധം തെളിയാത്തതിനാൽ പൊലിസിന് മൊഴിയെടുക്കാനായിട്ടില്ല.
പ്രമോദിന്റെ വീട്ടിൽനിന്ന് മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കവെ കൈചൂണ്ടി ജംഗ്ഷനിൽവച്ച് തെരുവുനായയെ ഇടിച്ചതോടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പിന്നാലെ എതിരേവന്ന മറ്റൊരു ബൈക്കിൽ ഇടിച്ച ശേഷം ബൈക്ക് 50 മീറ്ററോളം റോഡിലൂടെ തെന്നിനീങ്ങി. റോഡിൽ തലയടിച്ചു വീണ സബീലും റിൻഷാദും തൽക്ഷണം മരിച്ചു.
Tags : Investigation NattuVishasham DistrictNews