കോയമ്പത്തൂർ: സിപിഎമ്മും സിപിഐയും പലകുറി പ്രതിനിധാനം ചെയ്ത കോയമ്പത്തൂർ മേഖലയിൽ ഇടതുപാർട്ടികൾക്ക് ഇത്തവണ സീറ്റില്ല.ഡിഎംകെ സഖ്യത്തിന്റെ ഭാഗമായാണ് സിപിഎമ്മും സിപിഐയും മത്സരിക്കുന്നത്. സീറ്റ് വിഭജനങ്ങൾ പൂർത്തിയാവുന്നതുവരെ മേഖലയിൽ സീറ്റ് കിട്ടുമെന്നാണ് ഇരുപാർട്ടികളും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
തമിഴ്നാട്ടിൽ ഇടതുപാർട്ടികളുടെ ശക്തികേന്ദ്രമായാണ് കോയമ്പത്തൂർ മേഖല വിലയിരുത്തപ്പെടുന്നത്. കേരളത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് തൊഴിലാളി പ്രസ്ഥാനങ്ങളും ശക്തമാണ്.കോയമ്പത്തൂർ ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ സിപിഎം വിജയിച്ചിട്ടുണ്ട്.
പേരൂർ, സിംഗനല്ലൂർ എന്നിവിടങ്ങളിൽ രണ്ടുതവണയും സിപിഎം വിജയിച്ചിട്ടുണ്ട്. മേഖലയിലെ മറ്റൊരു മണ്ഡലമായ വാൽപ്പാറയിൽ രണ്ടുതവണ സിപിഐയും വിജയിച്ചിട്ടുണ്ട്.
എന്നാൽ, മേഖലയിലെ ഒരു സീറ്റിലും ഇത്തവണ ഇടതുപാർട്ടികൾ മത്സരിക്കുന്നില്ല. തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും 1952 മുതൽ ഇതുവരെ കോയമ്പത്തൂരിലെ 10 അസംബ്ലി മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിലെങ്കിലും ഇടതുപക്ഷ സ്ഥാനാർഥികളുണ്ടായിരുന്നു.
സിപിഐയും സിപിഎമ്മും പ്രതീക്ഷിച്ചിരുന്ന വാൽപ്പാറ, സിംഗനല്ലൂർ സീറ്റുകൾ ഇത്തവണ അവർക്ക് ലഭിച്ചില്ല. സിംഗനല്ലൂർ,കൗണ്ടംപാളയം സീറ്റുകൾ കോൺഗ്രസിനാണ് ലഭിച്ചത്.
Tags : nattu vishesham Left parties Coimbatore