കൽപ്പറ്റ: കൊച്ചിൻ ഷിപ്പ് യാർഡിന്റെ സിഎസ്ആർ ഫണ്ടിലുൾപ്പെടുത്തി ജില്ലയിലെ അരിവാൾ കോശ രോഗികൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു.
മാനന്തവാടി കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടന്ന പരിപാടി പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. 500 ഗ്രാം വീതം ചെറുപയർ, വൻപയർ, മുതിര, കടല, 100 ഗ്രാം വീതം ബദാം, നെയ്യ് എന്നിവയാണ് കിറ്റിലുള്ളത്. സിക്കിൾസെൽ പേഷ്യന്റ്സ് അസോസിയേഷൻ സെക്രട്ടറി സി.ഡി. സരസ്വതി മന്ത്രിയിൽ നിന്നും ആദ്യ കിറ്റ് ഏറ്റുവാങ്ങി. അരിവാൾ കോശ രോഗികളുടെ ക്ഷേമപ്രവർത്തനങ്ങൾ ലക്ഷ്യമാക്കിയാണ് കൊച്ചിൻ ഷിപ് യാർഡ് സിഎസ്ആർ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചത്.
അരിവാൾ കോശ രോഗനിർണയത്തിന് ആധുനികവും കൃത്യവുമായ എച്ച്പിഎൽസി പരിശോധനാ സംവിധാനം വയനാട് ഗവ. മെഡിക്കൽ കോളജിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ സിക്കിൾ സെൽ ഓപറേഷൻ യൂണിറ്റിൽ ലഭ്യമാണ്. അസ്ഥിരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ, അരിവാൾ കോശ രോഗികൾക്ക് പ്രത്യേക ചികിത്സാ യൂണിറ്റ് എന്നിവ മെഡിക്കൽ കോളജിൽ സജ്ജമാണ്.
കൽപ്പറ്റ ഗവ. ജനറൽ ആശുപത്രി, വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രികളിലും വിവിധ കുടുംബാരോഗ്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും അരിവാൾ കോശ രോഗികൾക്കുള്ള ഹൈഡ്രോക്സി യൂറിയ, ഫോളിക് ആസിഡ് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.
മാനന്തവാടി ജില്ലാ ആശുപത്രിയിൽ ബ്ലഡ് എക്സ്ചേഞ്ച് ട്രാൻസ്ഫ്യൂഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രോഗികൾക്ക് പ്രത്യേക പരിഗണന ഉറപ്പാക്കാൻ സിക്കിൾ സെൽ സ്റ്റാറ്റസ് ഐഡി കാർഡുകൾ ജില്ലയിൽ വിതരണം ചെയ്തു. ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജെറിൻ എസ്. ജെറോഡ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ജൂണിയർ കണ്സൾട്ടന്റ് ഡോ. മൃദുലാൽ, സിക്കിൾസെൽ പേഷ്യന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അനീഷ് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Nutrition kits distributed