കോഴിക്കോട്: വൃദ്ധസദനം എന്ന പേര് കാലഹരണപ്പെട്ടതും പരിഷ്കൃത സമൂഹത്തിന് നിരക്കാത്തതുമായതിനാല് മുതിര്‍ന്ന പൗരന്മാരുടെ ഭവനം എന്നാക്കി പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം.
കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി പാരാലീഗല്‍ വോളണ്ടിയര്‍ പ്രഫ. വര്‍ഗീസ് മാത്യുവാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. വൃദ്ധസദനം എന്ന പേര് അന്തേവാസികളില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. പകരം കൂടുതല്‍ മാന്യമായ പേര് സ്വീകരിക്കണം.
മുന്‍പ് ഉപയോഗിച്ചിരുന്ന അന്ധവിദ്യാലയം, വികലാംഗര്‍ തുടങ്ങിയ പദങ്ങള്‍ മാറ്റി ഭിന്നശേഷിക്കാര്‍ എന്ന് വിളിച്ചു തുടങ്ങിയ മാതൃക ഇവിടെയും പിന്തുടരണം. വരും ദശകങ്ങളില്‍ കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഉയരുമെന്നും 2051-ഓടെ 60 വയസിന് മുകളിലുള്ളവരുടെ എണ്ണം 30.6 ശതമാനമായി വര്‍ധിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഈ സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. മുതിര്‍ന്ന പൗരന്മാര് അനുഭവ സമ്പത്തുകളുടെ സ്രോതസാണ്. അവരെ വെറും വയോധികരായി കാണാതെ അവരുടെ കഴിവുകളെ പൊതുസമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാഹചര്യം ഒരുക്കണം. വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ വൃദ്ധസദനം സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിര്‍ദേശം മനുഷ്യാവകാശ കമ്മീഷന്റെ നടപടിക്കായി സമര്‍പ്പിച്ചതെന്ന് പ്രഫ. വര്‍ഗീസ് മാത്യു പറഞ്ഞു.