പ്രതീകാത്മക ചിത്രം
കൊല്ലം: ഓണം ആഘോഷിക്കാന്‍ എന്തൊക്കെ വേണോ അതെല്ലാം ഒരുക്കി മേളകളും സജീവമായി. വസ്ത്രങ്ങള്‍ മുതല്‍ കുട്ടയും വട്ടിയും ചട്ടിയും കലവും വരെ... ഓണമൊരുക്കാനുള്ളതെല്ലാമുണ്ട് മേളകളില്‍. കുടുംബശ്രീ, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്, സപ്ലൈകോ തുടങ്ങിയവയുടെ മേളകള്‍ ജില്ലയിലെമ്പാടും ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ ജില്ലാമിഷന്റെ ജില്ലാതല ഓണംമേള അലയമണില്‍ ആരംഭിച്ചു. അഞ്ചുദിവസമാണ് ജില്ലാതല മേളയുണ്ടാകുക.
ഒരു സിഡിഎസില്‍ രണ്ടുമേളകള് വീതം ജില്ലയിലാകെ സിഡിഎസ് തലത്തില്‍ 148 മേളകളാണുള്ളത്. സിഡിഎസ്തല മേളകള്‍ മൂന്നുദിവസമേ ഉണ്ടാകുള്ളൂ. കുടുംബശ്രീയുടെ തനത് വിഭവങ്ങളാണ് മേളകളിലുള്ളത്. വസ്ത്രം, കറിപ്പൊടികള്‍, കുടുംബശ്രീ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍, വിവിധതരം അച്ചാറുകള്‍, നാടന്‍ പലഹാരങ്ങള്‍, പപ്പടം, പായസംമിക്സ്, മണ്‍പാത്രങ്ങള്‍, നാടന്മിഠായികള് തുടങ്ങിയവയെല്ലാം കുടുംബശ്രീ മേളകളിലുണ്ട്. 20-ലധികം സംരംഭകര്‍ ഓരോ മേളയുടെയും ഭാഗമാകുന്നുണ്ട്. ഗുണമേന്മയുള്ള വിഭവങ്ങള്‍ കുറഞ്ഞവിലയില്‍ ലഭിക്കുമെന്നതാണ് പ്രത്യേകത.
കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തില്‍ ഓണക്കിറ്റുകളും വില്‍പ്പനയ്ക്കെത്തിച്ചിട്ടുണ്ട്. സാധനങ്ങള്‍ ഓരോന്നായി തിരഞ്ഞുനടക്കേണ്ടെന്നതാണ് കിറ്റുകളുടെ മേന്മ. ജില്ലാമിഷന്റെ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കിറ്റ് തയ്യാറാക്കുന്നത്. ചിപ്സ്, ശര്‍ക്കരവരട്ടി, മസാലപ്പൊടികള്‍, പായസം മിക്സ് തുടങ്ങിയവ ഉള്‍പ്പെടുത്തി 500 രൂപമുതല്‍ 750 രൂപ വരെ വിലയുള്ള കിറ്റുകളാണ് വിപണിയിലുള്ളത്.
കണ്‍സ്യൂമര്‍ ഫെഡിന് ഇത്തവണ 192 മേളകളാണുള്ളത്. പന്മന സര്‍വീസ് സഹകരണ ബാങ്കിലാണ് ജില്ലാമേള. സഹകരണവകുപ്പും കണ്‍സ്യൂമര്‍ഫെഡും ചേര്‍ന്നാണ് മേളകള്‍ സംഘടിപ്പിക്കുന്നത്. 26 ത്രിവേണി സ്റ്റോറുകളിലും 165 സഹകരണബാങ്കുകളിലുമായാണ് മേളകളുള്ളത്. 25 വരെ സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനാകും. 13 ഇനങ്ങള്‍ക്കാണ് സബ്സിഡിയുള്ളത്. ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെള്ളിച്ചെണ്ണ തുടങ്ങിയവ സബ്സിഡി നിരക്കില്‍ ലഭിക്കും. ഇതിനുപുറമേ മറ്റ് ബ്രാന്‍ഡഡ് ഉത്പന്നങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഇവയ്ക്ക് 10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവും ലഭിക്കും.
Tags : Onam fairs NattuVishasham DistrictNews