പത്തനംതിട്ട: ലഹരിമരുന്ന് വില്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട് പദ്ധതിയിൽ ജില്ലയിൽ ഇതേവരെ 64 പേർ അറസ്റ്റിലായി. വെള്ളിയാഴ്ച മാത്രം ജില്ലയിൽ 17 കേസുകൾ രജിസ്റ്റർ ചെയ്യുകയും 17 പേർ അറസ്റ്റിലാകുകയും ചെയ്തു. ലഹരി വിപത്തിനെതിരേയുള്ള നടപടികൾ കൂടുതൽ കർശനമായി മുന്നോട്ടു പോകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ലഹരി വിപത്തിനെ തടയുന്നതിന് പോലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രഥമ അധ്യാപകർക്ക് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഉദ്ഘാടനം ചെയ്തു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. പി.ടി. സന്തേഷ് ക്ലാസുകൾ നയിച്ചു. കൗൺസലിംഗിലൂടെയും ബോധവത്കരണത്തിലൂടെയും കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തുന്നതിനും അവരെ അതിൽനിന്ന് പിന്തിരിപ്പിക്കുന്നതിനുമുള്ള വിവിധ മാർഗങ്ങൾ ക്ലാസിൽ അവതരിപ്പിച്ചു.
ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ.എസ്. പ്രകാശ്മുഖ്യപ്രഭാഷണം നടത്തി. എസ്പിസി പദ്ധതി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫിസർ സുരേഷ് കുമാർ പ്രസംഗിച്ചു.