കൊച്ചി: എച്ച്വണ് എന്‍വണ്‍ സംശയിക്കുന്ന കേസുകള്‍ ജില്ലയില്‍ കണ്ടുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. പാലാരിവട്ടം സ്വദേശിയായ വയോധിക കഴിഞ്ഞ ദിവസം എച്ച്വണ് എന്‍വണ്‍ ബാധിച്ച് മരിച്ചിരുന്നു. തുടർന്നും ജില്ലയില്‍ രോഗബാധിതരുടെ എണ്ണം കുടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മഴ കനത്തതിനൊപ്പം വിവിധതരം പനികളും റിപ്പോര്‍ട്ട് ചെയ്തു.
എന്താണ് എച്ച്വണ് എന്‍വണ്‍?
ഇന്‍ഫ്ലൂവന്‍സ വിഭാഗത്തില്‍പ്പെട്ട വൈറസ് പനിയാണ് എച്ച്വണ് എന്‍വണ്‍. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്വണ് എന്‍വണ്‍ പനിയുടെ ലക്ഷണങ്ങള്‍.
ചില സാഹചര്യങ്ങളില്‍ 100 ഡിഗ്രിക്കു മുകളില്‍ പനി വരാം. കൂടാതെ ചുമ, തൊണ്ട വേദന, ശ്വാസ തടസം, ചുമയ്ക്കുമ്പോള്‍ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛർദി എന്നിവയും ഉണ്ടാകാം.
പനി ബാധിച്ച 10 ശതമാനം ആളുകളില്‍ ശക്തമായ ലക്ഷണങ്ങള്‍, അസാധാരണമായ പനി, ശ്വാസംമുട്ടല്‍ എന്നിവയൊക്കെ കാണാന്‍ സാധിക്കും. എന്നാല്‍ ചിലരിൽ ലക്ഷണങ്ങള്‍ വളരെ സാധാരണമാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സയുണ്ട്.
ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍
പനി, ചുമ, തുമ്മല്‍, മൂക്കൊലിപ്പ്, തൊണ്ട വേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ തുടക്കത്തിലെ തിരിച്ചറിഞ്ഞ് ചികിത്സ തേടണം. പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കഴിവതും മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക.
സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കുക. സോപ്പിട്ടു കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്. പുറത്ത് പോയി വരുമ്പോഴും സ്കൂളില്‍ നിന്ന് തിരികെ എത്തുമ്പോഴും കൈകള്‍ സോപ്പിട്ട് കഴുകുക.
രോഗലക്ഷണങ്ങൾ ഉള്ളവര്‍ കഴിവതും പൊതുഇടങ്ങളില്‍ പോകാതിരിക്കുക. തിരക്കുള്ള ഇടങ്ങളില്‍ പോകേണ്ടി വന്നാല്‍ മാസ്ക് ധരിക്കുക. പനിയുള്ളപ്പോള്‍ കുട്ടികളെ സ്കൂളുകളില്‍ വിടാതിരിക്കുക. ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പനി ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടുക.
Tags : Local News Nattuvishesham Ernakulam