സാമുവൽ ക്ലഫ് സൺ ഓകോഫോർ
പന്തളം: അന്തർ സംസ്ഥാന ലഹരി കടത്തു സംഘത്തിലെ പ്രധാനി ഡൽഹിയിൽ അറസ്റ്റിലായ നൈജീരിയൻ പൗരനെ പന്തളത്തെത്തിച്ച് തെളിവെടുത്തു. പന്തളം പോലീസ് പിടികൂടിയ എംഡിഎംഎയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കേസിലെ മുഖ്യ സൂത്രധാരകനായ സാമുവൽ ക്ലെഫ്സൺ ഒകാഫോറിനെ പന്തളം പോലീസും ഡാൻസാഫ് സംഘവും ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കാറിന്റെ ഡീസൽ ടാങ്കിനുള്ളിൽ ഒളിപ്പിച്ച് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന 395.296 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് നൈജീരിയൻ സ്വദേശിയെ പന്തളം പോലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കേസിന്റെ നാൾവഴി
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, സബ് ഇൻസ്പെക്ടർ മനീഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം കഴിഞ്ഞ മേയ് 15ന് പന്തളം വലിയപാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കേസിനാസ്പദമായ ലഹരിമരുന്ന് പിടികൂടിയത്.
ബംഗളൂരുവിൽ നിന്ന് കാറിന്റെ ഡീസൽ ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്തുകയായിരുന്ന എംഡിഎംഎയാണ് അന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ മുഹമ്മദ് ഷാ (36), അടൂർ പറക്കോട് സ്വദേശിയായ ഷംനാദ് (36) എന്നിവരെ സംഭവസ്ഥലത്ത് നിന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർ അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ.എസ്. പ്രകാശ്, അടൂർ ഡിവൈഎസ്പി വി.എസ്. പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പന്തളം ഇൻസ്പെക്ടർ സജീഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ മനീഷ്, വിഷ്ണു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷൈൻ, പോലീസ് ഉദ്യോഗസ്ഥരായ അൻവർഷാ, രഞ്ജിത്ത്, ശ്രീരാജ്, ജിതിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വൻതോതിലുള്ള ലഹരിമരുന്ന് ഇടപാടുകളുടെ തെളിവുകൾ ലഭിച്ചത്.
ബാങ്ക് ഇടപാടുകൾ പിടിവള്ളിയായി
മയക്കുമരുന്ന് കടത്തു കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് ഷായുടെ ഭാര്യ ഷെബീന ഖാൻ സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്ന് 3.12 ലക്ഷം രൂപ നൈജീരിയൻ സാമുവൽ ക്ലെഫ്സൺ ഒകാഫോറിന്റെ അക്കൗണ്ടിലേക്ക് കൈമാറിയതായി കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ഷെബീന ഖാനെ മേയ് 18ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സാമുവൽ ക്ലെഫ്സൺ ഒകാഫോറിനെക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ, ഹിമാചൽ പ്രദേശിലെ ഷിംല സദർ പോലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് നിരോധന നിയമപ്രകാരം ഇയാൾക്കെതിരേ സമാനമായ കേസ് നിലവിലുണ്ടെന്ന് വ്യക്തമായി.
ഇതോടെ ഇയാളെ കേസിൽ മൂന്നാം പ്രതിയായി ഉൾപ്പെടുത്തി അന്വേഷണം ശക്തമാക്കി. ഇയാൾ ഡൽഹിയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, സബ് ഇൻസ്പെക്ടർമാരായ വിഷ്ണുവിന്റെയും മനീഷിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ഡൽഹിയിലെത്തി. ഒളിവിൽ കഴിഞ്ഞിരുന്ന സാമുവൽ ക്ലെഫ്സൺ ഒകാഫോനെ അഞ്ചിനു കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇയാളെ ഇന്നലെ പന്തളം പോലീസ് സ്റ്റേഷനിലെത്തിച്ചു. ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്റെ നേതൃത്വത്തിൽ പ്രാഥമികമായി ചോദ്യം ചെയ്തു. കേരളത്തിലേക്ക് വൻതോതിൽ മാരക ലഹരിമരുന്നുകൾ എത്തിക്കുന്ന അന്തർസംസ്ഥാന ശൃംഖലയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ സാമുവൽ ക്ലെഫ്സൺ ഒകാഫോർ എന്ന് പോലീസ് വിലയിരുത്തുന്നു.
കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ലഹരിമരുന്ന് കടത്തു സംഘത്തിലെ മറ്റ് അംഗങ്ങളെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കഞ്ചാവ്, എംഡിഎംഎ, നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവ കടത്തുകയും വില്പന നടത്തുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരായ നടപടി കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ 87 പേർ അറസ്റ്റിൽ
പത്തനംതിട്ട: ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ജില്ലയിൽ ഇതേവരെ 87 പേർ അറസ്റ്റിലായതായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു. ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് ശനിയാഴ്ച മാത്രം ജില്ലയിൽ 18 കേസുകൾ രജിസ്റ്റർ ചെയ്യുകയും 19 പേർ അറസ്റ്റിലാകുകയും ചെയ്തു.
ഒരു വനിത ഉൾപ്പെടെ രണ്ട് വിദേശികളും ഇക്കാലയളവിൽ പിടിയിലായവരിൽ ഉൾപ്പെടുന്നു. ലഹരി വിപത്തിനെതിരെയുള്ള നടപടികൾ കൂടുതൽ കർശനമായി തന്നെ മുന്നോട്ടു പോകുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.