കേരള ഗവ. നഴ്സസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചപ്പോൾ.
താമരശേരി: കേരള ഗവ. നഴ്സസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രിയിൽ വനിത നഴ്സിംഗ് ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്ന സൂപ്രണ്ടിനെതിരേ നടപടികൾ സ്വീകരിക്കുക, ആശുപത്രിയിൽ ജീവനക്കാർക്ക് സമാധാനപരമായ ജോലി സാഹചര്യം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ നടത്തിയത്.
പ്രതിഷേധ ധർണ കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ഷീന ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ടിന്റെ അഴിമതിക്ക് കൂട്ടുനിൽക്കാൻ തയാറാവാത്ത നഴ്സുമാരെ നിരന്തരം മീറ്റിംഗുകളിൽ പരസ്യമായി ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്യുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം നഴ്സിംഗ് സൂപ്രണ്ട് ഓഫീസ് അധികാരപരിധിയിൽ വരുന്ന ഹാജർ പുസ്തകങ്ങൾ ആകെ തന്റെ ഇഷ്ടക്കാർക്ക് തോന്നുംപടി ഉപയോഗിക്കാനുള്ള സംവിധാനമാക്കി സൂപ്രണ്ട് മാറ്റി.
സൂപ്രണ്ടിന്റെ മാനസിക പീഡനം മൂലം പല നഴ്സുമാരും ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ നേരിടുന്ന സാഹചര്യമുണ്ട്. നഴ്സുമാർക്കെതിരേ അന്യായമായി ഉയർത്തുന്ന കള്ളപരാതികൾ പിൻവലിച്ചു സമാധാനപരമായ ജോലി സാഹചര്യം സൃഷ്ടിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. സിന്ധു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ. ബിന്ദു, ജില്ലാ ട്രഷറർ കെ.കെ. സജിത എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kozhikode